പല്ലു കടിച്ചു, പൊട്ടിക്കരഞ്ഞു; ഭാര്യക്കു പോലും അറിയാത്ത കാര്യങ്ങള്‍: ബാലചന്ദ്രമേനോന്‍; വിഡിയോ

"40 വർഷങ്ങൾ എനിക്ക് നൽകിയ ഒരുപാട് അനുഭവങ്ങൾ ഉണ്ട്. എന്റെ ഭാര്യക്ക് പോലും അറിയാത്ത അനുഭവങ്ങൾ. പലതും ഞാൻ പല്ലു കടിച്ചു സഹിച്ചിട്ടുണ്ട്. ചിലപ്പോ ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഈ കാണുന്ന ആത്മവിശ്വാസമൊന്നും ആ കാലത്ത് ഉണ്ടാവണമെന്നില്ല. പരീക്ഷണങ്ങളുടെ വലിയ ഘോഷയാത്ര ആയിരുന്നെന്റെ ജീവിതം'', ആത്മകഥ പറയുന്ന ആദ്യ എപ്പിസോഡില്‍ ബാലചന്ദ്രമേനോന്റെ വാക്കുകൾ

അനുഭവങ്ങളും ജീവിതവും പറഞ്ഞുകൊണ്ടുള്ള യൂട്യൂബ് ചാനലിലൂടെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ പ്രേക്ഷകർക്കു മുന്നിലേക്കെത്തുകയാണ് വീണ്ടും. 'ഫിൽമി ഫ്രൈഡേയ്സ്' എന്നാണ് ചാനലിന്റെ പേര്. 'എന്നെ തിരയുന്ന ഞാൻ' എന്നാണ് ആദ്യ അധ്യായത്തിന്റെ പേര്.

സിനിമ എന്നത് ഒരു കാലത്തും ക്ഷയം സംഭവിക്കുന്ന മാധ്യമമല്ല. അനുഭവങ്ങൾ പ്രേക്ഷകരുമായും ചെറുപ്പക്കാരുമായിട്ടുമൊക്കെ പങ്കുവെയ്ക്കുകയാണ് ലക്ഷ്യം. പങ്കുവെയ്ക്കുമ്പോൾ‌ പല സത്യങ്ങളും തുറന്നുപറയും. അത് ആരെയും വിഷമിപ്പിക്കാനല്ല.  എന്നാൽ ചില സത്യങ്ങൾ പറയാതിരിക്കാനാകില്ലെന്നും അത് നിഷ്കളങ്കമായി മാത്രം കണ്ടാൽ മതിയെന്നും ആദ്യ എപ്പിസോഡിൽ അദ്ദേഹം പറയുന്നു. 

''ഒരിക്കലും ഒരു മീഡിയ പേഴ്സൺ അല്ല. ഞാനെടുത്ത സിനിമകൾ കൊണ്ടാണ് എന്നെ ആളുകൾ‌ സ്നേഹിക്കുന്നത്. ഇപ്പോൾ എന്തുകൊണ്ട് യൂട്യൂബിൽ വന്നു എന്നു ചോദിച്ചാൽ ഇതാണ് വരാൻ പറ്റിയ സമയം''.

''വെള്ളിയാഴ്ചകൾ എപ്പോഴും പ്രധാനപ്പെട്ട ദിവസങ്ങളാണ്. പഠിച്ചുകൊണ്ടിരിക്കുമ്പോൾ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാൽ ക്ലാസിൽ എന്നെ കാണില്ല. കൊല്ലത്തുള്ള ഏതെങ്കിലും തിയേറ്ററിൽ ചെന്നുനോക്കിയാൽ അവിടെ കാണാം. സിനിമയിലെത്തിയതിനു ശേഷവും വെള്ളിയാഴ്ചകളാണല്ലോ ഏറെ പ്രധാനം. അതുകൊണ്ടാണ് ഫിൽമി ഫ്രൈഡേയ്സ് എന്ന പേര് യൂട്യൂബ് ചാനലിന് നൽകിയത്'' ബാലചന്ദ്രമേനോന്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ വെള്ളിയാഴ്ചകളിലും ഫിൽമി ഫ്രൈഡേയ്സിലൂടെ ബാലചന്ദ്രമേനോൻ പ്രേക്ഷകരിലേക്കെത്തും. ‌