നിന്നെ ഇറക്കിവിട്ടതല്ലേ, എന്തിന് വന്നു; അതേ സ്കൂളിൽ ഉദ്ഘാടകനായി; കയ്യടി

‘നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നത്’ അന്ന് സ്കൂൾ വാർഷികത്തിന് കൂട്ടുകാരെ കാണാനെത്തിയ കുട്ടിയോട് ടീച്ചർ ചോദിച്ചു. പഠിക്കാൻ മോശമായ ഇവനെ തുടർന്ന് പഠിപ്പിച്ചാൽ സ്കൂളിന്റെ നൂറുശതമാനം വിജയം നഷ്ടമാകുമോ എന്ന ഭയത്തിലായിരുന്നു അന്ന് അവനെ പുറത്താക്കിയത്. എന്നാൽ ഇപ്പോൾ അതേ സ്കൂളിന്റെ വാർഷികം ഉദ്ഘാടനം ചെയ്യാൻ സ്കൂൾ അധികൃതർ അവനെ വിളിച്ചുവരുത്തി. സിയാദ് ഷാജഹാന്‍ എന്ന മലയാളിയുടെ പ്രിയതാരത്തിന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് വനിതയോട് പങ്കുവച്ചത്.  

ഡബ്സ്മാഷിലെ രമണന്‍ കഥാപാത്രങ്ങളിലൂടെ സൈബർ ലോകത്ത് വൈറലായതിന് പിന്നാലെ സിനിമയിലേക്കും കടന്നുവന്നു ഇൗ താരം. 'അഡാര്‍ ലൗ'വിലെ ഫ്രാന്‍സിസ് ജെ മണവാളന്‍ എന്ന സിയാദിന്‍റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിയാദ് പത്താം ക്ലാസ് വരെ പഠിച്ച മുണ്ടക്കയം പബ്ലിക് സ്കൂള്‍ നൂറുശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്കൂളാണ്. പഠനത്തില്‍ അത്ര നല്ല പ്രകടനം കാഴ്ച വയ്ക്കാത്തതിനാല്‍ ഏഴാം ക്ലാസില്‍ തന്നെ സിയാദിനെ മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ  സിയാദിന്‍റെ കുടുംബത്തിന്‍റെ അപേക്ഷയെ തുടര്‍ന്ന് സ്കൂള്‍ വിട്ടുപോകണമെന്ന തീരുമാനത്തില്‍ നിന്ന് അധികൃതര്‍ തൽക്കാലം പിന്മാറി. 

എന്നാല്‍ എട്ടാം ക്ലാസില്‍ നിര്‍ബന്ധപൂര്‍വ്വം സ്കൂളില്‍ നിന്ന് പറഞ്ഞുവിട്ടു. പിന്നീട് സ്കൂളിലെ വാര്‍ഷികാഘോഷത്തിന് കൂട്ടുകാരെ കാണാനെത്തിയ സിയാദിനെ അധ്യാപിക ശകാരിച്ച് ഇറക്കി വിടുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്കിപ്പുറം അതേ സ്കൂളിന്റെ വാർഷികം ഉദ്ഘാടനം ചെയ്യാനുള്ള നിയോഗം സിയാദിനായിരുന്നു.