മൊബൈൽ ഫോൺ ആഡംബരവും അപൂർവ്വവുമായിരുന്ന കാലത്ത് മമ്മൂട്ടിയുടെ ഫോൺ സിനിമാ സെറ്റുകളിൽ ട്രെൻഡും ഒച്ചപ്പാടും സൃഷ്ടിച്ചിരുന്നുവെന്ന് തുളസീദാസ്. ആയിരം നാവുള്ള അനന്തൻ എന്ന സിനിമയുടെ സെറ്റഇൽ വെച്ച് നടന്ന സംഭവത്തെക്കുറിച്ചാണ് തുളസീദാസ് പറയുന്നത്. 25 വർഷങ്ങൾക്ക് മുൻപാണ് സംഭവം.
''ആയിരം നാവുള്ള അനന്തൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. മമ്മൂട്ടി, മുരളി, ഗൗതമി, മാധവി, ദേവൻ അങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. മമ്മൂട്ടി ഒരു വലിയ മൊബൈൽ ഫോണുമായി എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
''ആ സമയത്ത് വളരെ അപൂർവ്വം ആളുകളുടെ കയ്യിലേ മൊബൈൽ ഉള്ളൂ. തുടര്‍ന്ന് സെറ്റിലെ പ്രധാന ചർച്ചാവിഷയമായി മമ്മൂട്ടിയുടെ മൊബൈൽ ഫോൺ. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഗൗതമിയും ഒരു മൊബൈലുമായി എത്തി. പിന്നീട് മാധവിയുടെ കയ്യിലും മൊബൈൽ കണ്ടു. ദേവനും പുതിയ ഫോൺ വാങ്ങി. എന്നാൽ മുരളി മാത്രം ഫോൺ വാങ്ങിയില്ല.
''ഷൂട്ടിങ്ങിനിടെ മൊബൈൽ റിങ് ചെയ്യൽ പതിവായി. ഇതോടെ അഭിനയം നിർത്തിവെച്ച് താരങ്ങൾ അതിന് പിന്നാലെ പോകും. ഇത് മുരളിക്ക് ഇഷ്ടപ്പട്ടില്ല. ഇനിയും ഇത് തുടർന്നാൽ ഞാൻ ഇറങ്ങിപ്പോകുമെന്ന് മുരളി പറഞ്ഞു. പറഞ്ഞ് മനസ്സിലാക്കാന്‍ കുറെ ബുദ്ധമുട്ടി. പക്ഷേ പ്രശ്നങ്ങൾ വേഗം പരിഹരിക്കപ്പെട്ടു, ഷൂട്ട് പുനരാരംഭിക്കുകയും ചെയ്തു''-തുളസിദാസ് പറഞ്ഞു.