വേണ്ടപ്പെട്ടവരെ ബാധിക്കുമ്പോള്‍ മാത്രം പ്രതികരിക്കുന്നത് കാപട്യമെന്ന് സിദ്ധാര്‍ഥ്; വിഘ്നേഷിന്റെ മറുപടി

തെന്നിന്ത്യൻ താരം നയൻതാരയെ അധിക്ഷേപിച്ച നടനും ‍ഡിഎംകെ നേതാവുമായ രാധാ രവിക്കെതിരെ തമിഴ് സിനിമാ സംഘടനകളെടുത്ത നിലപാട് ശ്രദ്ധേയമായിരുന്നു. നയൻതാരയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. പരാമർശം വിവാദമായതോടെ രാധാ രവിയെ ഡിഎംകെ സസ്പെൻഡ് ചെയ്തു. അതിനിടെ മീ ടു വെളിപ്പെടുത്തലുകൾ പുറത്തുവന്ന സമയത്ത് സിനിമാലോകം മൗനത്തിലായിരുന്നുവെന്ന് വിമർശിച്ച് നടൻ സിദ്ധാർഥും രംഗത്തെത്തി.

വേണ്ടപ്പെട്ടവരെ ബാധിക്കുന്ന അവസരത്തിൽ മാത്രം പ്രതികരിക്കുന്നത് കാപട്യവും ഭീരുത്വവുമാണെന്ന് സിദ്ധാർഥ് ട്വീറ്റ് ചെയ്തു. സിദ്ധാര്‍ഥിന് മറുപടിയുമായി നയൻതാരയുടെ കാമുകൻ വിഘ്നേഷ് ശിവൻ രംഗത്തെത്തി. സംഭവത്തിൽ നയൻതാരക്ക് പിന്തുണയർപ്പിച്ച് ആദ്യം രംഗത്തെത്തിയവരിൽ വിഘ്നേഷും ഉണ്ടായിരുന്നു. 

'സിദ്ധാർഥിന്റെ അഭിപ്രായത്തോട് എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ, സോഷ്യൽ മീഡിയയിൽ ഒരാൾ മൗനം പാലിക്കുന്ന എന്നുകരുതി അവർ മീ ടുവിനെ പിന്തുണക്കുന്നില്ല എന്നല്ല അർഥം. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ മൂവ്മെന്റുകളിലൊന്നാണ് മീ ടു. സ്ത്രീകളുടെ  സുരക്ഷക്കുവേണ്ടി എന്നും ശക്തമായ നിലപാട് എടുത്തിട്ടുള്ളയാളാണ് നയൻതാര. അവരുടെ ചിത്രങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടുള്ളയാളാണ് അവർ. മീ ടു ഇരകൾക്ക് മാനസിക, സാമ്പത്തിക പിന്തുണ നൽകിയതിനൊപ്പം നിരവധി പേർക്ക് തൊഴിൽ നൽകിയിട്ടുമുണ്ട് അവർ. ഇത് യഥാർഥലോകത്ത് സംഭവിച്ച കാര്യങ്ങളാണ്, ഇതൊന്നും സോഷ്യൽ മീഡിയയിൽ സംപ്രേഷണം ചെയ്യാൻ സാധിച്ചില്ല. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്''-വിഘ്നേഷ് കുറിച്ചു. 

പിന്നാലെ സിദ്ധാർഥ് മാപ്പുപറഞ്ഞ് രംഗത്തെത്തി. 'ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ വ്യക്തമാക്കാൻ ആ ട്വീറ്റിന് കഴിഞ്ഞില്ല. സ്ത്രീകളോടും അതിജീവിക്കുന്നവരോടുമുള്ള ബഹുമാനം നിലനിർത്തി ഞാനവ ഡിലീറ്റ് ചെയ്യുന്നു. എന്നെപ്പോലുള്ള പുരുഷന്മാർ ഈ അവസരത്തിൽ ഇത്തരത്തിൽ പ്രതികരിക്കേണ്ട കാര്യമില്ല. മീ ടു തന്നെയാണ് പ്രധാനം. മാപ്പ്'-സിദ്ധാർഥ് കുറിച്ചു.