അമര്‍ അക്ബര്‍ അന്തോണിയില്‍ ഞാനും നായകന്‍; അവസാനം ഒഴിവാക്കി: ആസിഫ്: വിഡിയോ

ചിരിയുടെ കൂട്ടുപിടിച്ച് ഹിറ്റുകൾ സമ്മാനിക്കുന്ന സംവിധായകനാണ് നാദിർഷ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻസാമ്പത്തിക വിജയമാണ് സ്വന്തമാക്കിയത്. വിജയത്തുടർ‌ച്ച ആവർത്തിക്കാൻ മേരാ നാം ഷാജി എന്ന ചിത്രവുമായി എത്തുകയാണ് നാദിർഷ. ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ പങ്കെടുത്ത് ആസിഫ് അലി പറഞ്ഞ കാര്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അമർ അക്ബര്‍ അന്തോണിയിലെ ഒരു നായകൻ താനായിരുന്നെന്നും അവസാനനിമിഷം ഒഴിവാക്കുകയായിരുന്നുവെന്നും ആസിഫ് അലി തുറന്നുപറയുന്നു.

എന്നാൽ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നായകന്മാരായി എത്തിയ ചിത്രത്തിൽ ഫൈസൽ എന്ന അതിഥിവേഷത്തിൽ ഞാന്‍ എത്തിയിരുന്നു. പക്ഷേ ആ സിനിമയിൽ നായകന്മാരായ മൂന്നുപേർക്കും കിട്ടിയ കയ്യടി അത്രത്തോളം തന്നെ എന്റെ ചെറിയ കഥാപാത്രത്തിനും കിട്ടി. ആ ധൈര്യമാണ് ഷാജിയായി അഭിനയിക്കാൻ എനിക്ക് പ്രചോദനമായത്.’–ആസിഫ് അലി പറഞ്ഞു. നാദിര്‍ഷയുടെ മൂന്നാമത്തെ മലയാളചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മൂന്നു ഷാജിമാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവർ ജന്റിൽമാൻ ഷാജി. ഇവരുടെ ചിരിക്കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും.