തെലുങ്കിലെ '96' ൽ ഗോവിന്ദ് വേണ്ടെന്ന് നിർമാതാവ്; അമ്പരന്ന് സിനിമാലോകം

മലയാളികൾ ഏറെ ആഘോഷിച്ച തമിഴ് ചിത്രങ്ങളിലൊന്നാണ് വിജയ് സേതുപതിയും തൃഷയും നായികാനായകന്മാരായെത്തിയ '96'. ചിത്രം റിലീസ് ചെയ്യുംമുൻപെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു. ഗാനത്തിലെ മലയാളിസാന്നിധ്യമായ ഗോവിന്ദ് വസന്തയും ഏറെ ആഘോഷിക്കപ്പെട്ടു. എന്നാൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ഗോവിന്ദിന്റെ സംഗീതം വേണ്ടെന്ന നിർമാതാവിന്റെ നിലപാട് സിനിമാലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. 

ഗോവിന്ദ് തന്നെ സംഗീതസംവിധാനം നിർവഹിച്ചാൽ മതിയെന്നായിരുന്നു സംവിധായകന്റെ നിലപാട്. എന്നാൽ നിർമാതാവ് സി രാജുവാണ് എതിർപ്പ് പ്രകടിപ്പിച്ചത്. തെലുങ്കിലെ പ്രശസ്തരായ ആരെങ്കിലും സംഗീതം നൽകിയാൽ മതിയെന്നാണു നിർമാതാവിന്റെ നിലപാട്. ഒപ്പം തിരക്കഥയിൽ ചെറിയമാറ്റം വരുത്തണമെന്ന ആവശ്യവും നിർമാതാവ് മുന്നോട്ടുവച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ തമിഴിലെ അതേ തിരക്കഥ തന്നെ മതിയെന്ന നിലപാടിലാണ് ചിത്രത്തിന്റെ സംവിധായകൻ സി. പ്രേംകുമാർ.

തെലുങ്കിന് പുറമെ കന്നടയിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. ഭാവനയാണ് കന്നഡയിൽ ജാനുവായെത്തുന്നത്. തെലുങ്കിൽ ഷർവാനന്ദും സാമന്തയുമാണ് എത്തുന്നത്.