സോണിയയെ മോശമായി ചിത്രീകരിച്ചില്ല; യാത്ര രാഷ്ട്രീയചിത്രം മാത്രമല്ല; മഹി വി രാഘവ്

തിരഞ്ഞെടുപ്പുകാലമാണ്, തിരഞ്ഞെടുപ്പു ചൂടാണ്. സമകാലിക അവസ്ഥയെ അൽപം കൂടി ചൂടുപിടിപ്പിച്ചുകൊണ്ടാണ് വൈഎസ്ആറിൻറെ കഥ പറഞ്ഞ് മമ്മൂട്ടിച്ചിത്രം 'യാത്ര' തിയേറ്ററുകളിലെത്തിയത്.  രാജണ്ണയായി ഭാവപ്പകർച്ച നടത്തിയ മമ്മൂട്ടി ഗരുവിനെ തെലുങ്കർ ഹൃദയത്തിലേറ്റി. കാത്തിരിപ്പിനൊടുവിൽ തിരശ്ശീലയിലാ യാത്ര തുടങ്ങിയപ്പോൾ രാഷ്ട്രീയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും റിലീസിനൊപ്പമെത്തി. സോണിയ ഗാന്ധിയെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നാണ് കോൺഗ്രസ് ആന്ധ്ര ഘടകം ഉന്നയിക്കുന്ന പ്രധാന ആരോപണം. 

ആരോപണങ്ങളെക്കുറിച്ചും മമ്മൂട്ടിയുടെ സംവിധായകനായ സന്തോഷത്തെക്കുറിച്ചും 'യാത്ര' അനുഭവങ്ങവെക്കുറിച്ചും ചിത്രത്തിൻറെ സംവിധായകൻ മഹി വി രാഘവ് മനോരമ ന്യൂസ്.കോമിനോട്:  

''യാത്ര രാഷ്ട്രീയചിത്രം മാത്രമല്ല, അതിൽ വികാരങ്ങളുണ്ട്, മനുഷ്യത്വമുണ്ട്. സ്നേഹമുണ്ട്. സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചിട്ടില്ല. രാഷ്ട്രീയവും പാർട്ടിയും പ്രതീകാത്മകമായി ചിത്രീകരിച്ചതേ ഉള്ളൂ. എല്ലാവർക്കും അറിയാവുന്ന രാഷ്ട്രീയവും ആഭ്യന്തര വഴക്കുകളും മാത്രമേ ചിത്രത്തിലും സൂചിപ്പിച്ചിട്ടുള്ളൂ. പക്ഷേ ഇതൊന്നും യാത്രയുടെ വിജയത്തെ ബാധിച്ചിട്ടില്ല. ഇവിടെ ആന്ധ്രയിൽ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിഗരുവിനെയും അവർ നെഞ്ചിലേറ്റിക്കഴിഞ്ഞു, ഇവിടുത്തെ ജനങ്ങൾ അദ്ദേഹത്തിനു നൽകുന്ന സ്നേഹം വളരെ വലുതാണ്''.

മമ്മൂട്ടി നടൻ മാത്രമല്ല

ദളപതിയും സ്വാതികിരണവും ഞാൻ തെലുങ്കിൽ കണ്ടിട്ടുണ്ട്. മലയാളത്തിലെ വിധേയനും പൊന്തൻമാടയും കണ്ടിട്ടുണ്ട്. മമ്മൂട്ടി ഗരുവിൻറെ അഭിനയമികവിനെക്കുറിച്ച് എനിക്ക് സംശയങ്ങളൊന്നുമില്ലായിരുന്നു. സ്ക്രീനിൽ വരുമ്പോൾ അദ്ദേഹത്തിന്‍റെ പ്രഭാവം ഒന്നു വേറെ തന്നെയാണ്. അഭിനയം മാത്രമല്ല, അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ്. നല്ല മനുഷ്യനാണ്. അങ്ങനെയൊരു ആളെയാണ് ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നത്. 

വെല്ലുവിളി

പദയാത്ര ഷൂട്ട് ചെയ്തത് ഏറെ കഷ്ടപ്പെട്ടാണ്. നാലു മാസത്തോളം മമ്മൂട്ടി സാർ ഇവിടെ ഉണ്ടായിരുന്നു. നഗരത്തിൽ നിന്നും 18 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് പദയാത്ര ഷൂട്ട് ചെയ്തത്. വലിയ ജനക്കൂട്ടമാണ് ആ സീനുകളിൽ അഭിനയിക്കുന്നത്. ആ രംഗങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചത്. 

സംവിധാനം അല്ല, സഹകരണം

സംവിധാനം ചെയ്യുക എന്ന വാക്കിനോട് യോജിക്കുന്നില്ല. സിനിമ സഹകരണത്തിൻറെ കലയാണ്. അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും മറ്റ് അണിയറപ്രവർത്തകരും. ഒരുമിച്ചുള്ള സഹകരണത്തിൻറെ കല. യാത്ര എന്‍റെ സിനിമയല്ല, ഞങ്ങളുടെ സിനിമയാണ്. മമ്മൂട്ടി ഗരുവിനെ ഞാൻ പ്രത്യേകിച്ച് സംവിധാനം ചെയ്യേണ്ട ആവശ്യമേ ഇല്ല. സ്ക്രിപ്റ്റ് കൊടുത്താൽ മതി, എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിനറിയാം.

വൈഎസ്ആറും മമ്മൂട്ടിയും

കാഴ്ചയിൽ മമ്മൂട്ടിഗരു വൈഎസ്ആറിനെ പോലെയല്ലെങ്കിലും ചിത്രം കണ്ടിരുന്ന പ്രേക്ഷകർക്ക് അങ്ങനെയൊരു തോന്നൽ ഉണ്ടായതേ ഇല്ല. അദ്ദേഹം അങ്ങനെ തോന്നിപ്പിച്ചതേ ഇല്ല. വൈഎസ്ആറിനെ പോലെ തന്നെ അദ്ദേഹവും ഇപ്പോൾ ഇവിടുത്തെ ആളുകൾക്ക് പ്രിയങ്കരനാണ്. ഈ സിനിമയുടെ പേരിൽ മമ്മൂട്ടിസാർ തെലുങ്കു നാട്ടിൽ എന്നും ഓർമിക്കപ്പെടും.