യാത്രയുടെ ആദ്യദിന വേൾഡ് വൈഡ് കലക്ഷൻ പുറത്ത്; മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രം?

വൈഎസ്ആർ വിട വാങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മാനറിസങ്ങളും വേഷ‌വും നോട്ടവും നടപ്പും എല്ലാം മമ്മൂട്ടി എന്ന പ്രതിഭാശാലിയായ നടനിലൂടെ പുനർജനിക്കുന്നു. യാത്ര ചരിത്രമാകുമെന്ന് തന്നെയാണ് തീയേറ്ററുകളിൽ നിന്നുളള റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാകാനുളള കുതിപ്പിലാണ് യാത്ര. 6.90 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന (വേൾഡ് വൈഡ്) കലക്ഷനെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ചില്ല മനോര ന്യൂസിനോട് സ്ഥിരീകരിച്ചു.

യുഎസ്, കാനഡ, ഓസ്ട്രേലിയ യുഎഇ, ഗൾഫ്, തുടങ്ങിയ രാജ്യങ്ങളിൽ വൻ സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. യുഎസ് ബോക്സ്ഓഫിസിൽ ഇതുവരെയുളള മമ്മൂട്ടിയുടെ ഏറ്റവും കരുത്തറ്റ പ്രകടനമാണ് യാത്ര. ആന്ധ്രപ്രദേശിലും തെലുങ്കാനയിലും വൈഎസ്ആർ അനുയായികൾ യാത്ര ആഘോഷമാക്കുകയാണ്. മമ്മൂട്ടിയുടെ ഫ്ലെക്സിൽ പാലാഭിഷേകം നടത്തിയും വൻ ആഘോഷങ്ങൾ സംഘടിപ്പിച്ചും യാത്ര ചരിത്ര വിജയമാക്കാനുളള തയ്യാറെടുപ്പിലാണ് ആരാധകർ. 

തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ വമ്പൻ തിരിച്ചുവരവിന് കളമൊരുക്കാനുള്ള വൈഎസ്ആർ കോൺഗ്രസിന്റെ ലക്ഷ്യമാണ് ചിത്രത്തെ കുറിച്ച് വിമർശന ശരങ്ങൾ ഉയരുമ്പോഴും ഏവരും പ്രശംസിക്കുന്നത് മമ്മൂട്ടിയെയാണ്. അത്രത്തോളം സൂക്ഷ്മമായി ഭാവപകർച്ചയിൽ മമ്മൂട്ടിയെന്ന താരം വൈഎസ്ആറിനെ െകാണ്ടാടുന്നു. പകർന്നു നൽകുന്നു. ചുട്ടുപ്പൊള്ളുന്ന ആന്ധ്രാപ്രദേശിലൂടെ അദ്ദേഹം കർഷകർക്കൊപ്പം നടക്കുമ്പോൾ കണ്ടിരിക്കുന്നവർ പത്താണ്ടിനപ്പുറം പിന്നോട്ട് സഞ്ചരിക്കുന്നു. കോൺഗ്രസിനു നഷ്‌ടപ്പെട്ടുപോയ ദക്ഷിണേന്ത്യൻ പെരുമ വീണ്ടെടുക്കുകയും നിലനിർത്തുകയും ചെയ്‌ത ജനകീയ നേതാവായിരുന്ന ഡോ.വൈ.എസ്. രാജശേഖര റെഡ്‌ഡിയായി മമ്മൂട്ടി അക്ഷരാര്‍ത്ഥത്തില്‍ സ്ക്രീനില്‍ ജീവിച്ചുവെന്നും നിരീക്ഷകർ‌ ചൂണ്ടിക്കാട്ടുന്നു. 

26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചത്. കേരളത്തിലുംആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും ആസ്വാദകരും നിരൂപകരും ഒരേ സ്വരത്തില്‍ നല്ല അഭിപ്രായം പറഞ്ഞു.