25ാം വയസിൽ 500 രൂപ എടുക്കാനില്ല; 29ാം വയസിൽ ഫോർബ്സ് പട്ടികയിൽ: ദേവരകൊണ്ട

25ാം വയസിൽ  അഞ്ഞൂറു രൂപ പോലും തികച്ചു കയ്യിലെടുക്കാൻ ഇല്ലാതിരുന്ന വിജയ് ദേവരകൊണ്ട എന്ന തെലുങ്ക് പയ്യൻ 29–ാം വയസിൽ കോടിശ്വരനാണ്. സൂപ്പർതാരമാണ്. കടന്നു പോയ വഴികളെ കുറിച്ച് ഓർക്കാനും തുറന്നു പറയാനും മടിയില്ലാത്ത വിജയ് ഇന്ന് ഫോർബ്സ് മാസികയുടെ പട്ടികയിൽ തന്നെ ഇടം നേടി. സിനിമാകുടുംബങ്ങൾ കൊടികുത്തി വാഴുന്ന തെലുങ്ക് സിനിമയിൽ സ്വന്തമായി ഒരിടം കണ്ടെത്തുകയെന്നത് ഒട്ടും എളുപ്പമായിരുന്നില്ല. 

വിജയ് ദേവരകൊണ്ട തന്നെയാണ് ആരാധകർക്കു വേണ്ടി സ്വന്തം അനുഭവങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചതും. എനിക്കന്ന് 25 വയസുളളപ്പോഴാണ് അഞ്ഞൂറു രൂപ പോലും മിനിമം ബാലൻസ് ഇല്ലെന്ന കാരണം പറഞ്ഞ് ആന്ധ്ര ബാങ്ക് എന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത്. മുപ്പത് വയസിനു മുൻപ് ‘സെറ്റിൽ’ ആകാനായിരുന്നു അച്ഛന്റെ ഉപദേശം. അച്ഛനമ്മമാർ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ തന്നെ വിജയം ആഘോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നാല് വർഷങ്ങൾക്ക് ശേഷം  ഫോർബ്സ് മാസികയുടെ സെലിബ്രിറ്റി 100, ഫോർബ്സ് 30 അണ്ടർ 30,” വിജയ്‌ ദേവരകൊണ്ട ട്വീറ്റ് ചെയ്തു.മുപ്പത് വയസ്സിനു താഴെയുള്ള, വലിയ വിജയം കൈവരിച്ച വിവിധ മേഖലകളിലുള്ള പ്രഗത്ഭരെ ഉള്‍ക്കൊള്ളിച്ചുള്ള ഒരു തെരഞ്ഞെടുപ്പാണ് ’30 അണ്ടര്‍ 30′.

2011 ൽ പുറത്തിറങ്ങിയ നുവിളള എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ വന്നത്. 2016 ൽ പുറത്തിറങ്ങിയ പീലി ചോപ്പുലു എന്ന ചിത്രത്തിലൂടെ താരമായി. ഗീതാഗോവിന്ദം തെലുങ്ക് സിനിമയിലെ തന്നെ മികച്ച വിജയങ്ങളിൽ ഒന്നായി. തെലുങ്കു സിനിമയിലെ അവിഭാജ്യ ഘടകമായി വിജയ് ദേവരകൊണ്ട മാറികഴിഞ്ഞു. ഭാരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നത്. സംവിധായകൻ ക്രാന്തി മാധവനോടൊപ്പം ഒരു സിനിമയും, മൈത്രി മൂവി മേക്കേഴ്സിന്റെ അടുത്ത സിനിമയായ ‘ഹീറോ’യുമാണ് വിജയിന്റെ പുതിയ ചിത്രങ്ങള്‍.