ഇനി ചുവട് മമ്മൂട്ടിക്കൊപ്പം; സണ്ണി ലിയോൺ കേരളത്തിൽ; വരവേൽപ്പ്; വിഡിയോ

ആരാധകർ ഒട്ടേറെ തവണ ചോദിച്ച ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. ബോളിവുഡ് സൂപ്പർതാരം സണ്ണി ലിയോൺ ഇനി മലയാള സിനിമയുടെയും ഭാഗം. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് സണ്ണി ലിയോൺ എത്തുന്നത്. ചിത്രീകരണത്തിനായി താരം കൊച്ചിയിലെത്തി. വലിയ സ്വീകരണത്തോടെയാണ് സണ്ണിയെ വിമാനത്താവളത്തിൽ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവർത്തകരും എതിരേറ്റത്.

ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്ന ഒരു ഗാനരംഗത്തിലടക്കം സണ്ണി ലിയോൺ എത്തുന്നുണ്ടെന്നാണ് വിവരം. ചിത്രത്തിന്റെ നിർമാതാവ് നെൽസൺ ഐപ്പ് നേരിട്ടെത്തി സണ്ണി ലിയോണിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. വിമാനത്താവളത്തിൽ നിന്നും പുറത്തേക്കെത്തുന്ന വിഡിയോ സോഷ്യൽ ലോകത്ത് ഇതിനോടകം വൈറലായിരിക്കുകയാണ്. 

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രം ഇതേ സിനിമയുടെ തുടർച്ചയാണ്. വൻബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്ര‍ം കൂടിയാണ് മധുരരാജ. പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു. 

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി എഫ് എക്സ് ഗ്രാഫിക്സ് വിദഗ്ദ്ധർ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. ഒരേ സമയം മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും.