ചെറുസിനിമകൾ നേരിടുന്നത് വലിയ വെല്ലുവിളി; എ കെ സാജൻ

ലോകത്തിൽ എല്ലാ ഭാഷകളിലുമിറങ്ങുന്ന സിനിമകളോട് മൽസരിക്കേണ്ട അവസ്ഥയാണ് മലയാളത്തിലിറങ്ങുന്ന സിനിമകൾക്കെന്ന് സംവിധായകൻ എ.കെ.സാജൻ. ചെറിയ സിനിമകൾ പ്രേക്ഷകരിലേക്കെത്തിക്കാൻ വലിയ വെല്ലുവിളികൾ നേരിടുന്നതായി നിർമാതാവ് സിയാദ് കോക്കർ. നീയും ഞാനും  എന്ന സിനിമയുടെ പ്രചാരണാർഥം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മലയാളത്തിലെ ചെറു ബജറ്റ് സിനിമകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അണിയറ പ്രവർത്തകർ മനസ് തുറന്നത്.

നൂറും അഞ്ഞൂറും കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രങ്ങളോട് മൽസരിക്കേണ്ട മലയാള സിനിമയുടെ അവസ്ഥയെ കുറിച്ചാണ് സംവിധായകൻ എ.കെ.സാജൻ പറയുന്നത്. ഇത്തരം വന്പൻ സിനിമകളോട് മൽസരിക്കുമ്പോൾ പല ചിത്രങ്ങളും വേണ്ടപോലെ പ്രേക്ഷരിലേക്കെത്തുന്നില്ല. എന്നാൽ വന്പൻ ബജറ്റ് സിനിമകളുടെ തള്ളിക്കയറ്റത്തിലും ചെറു സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത മലയാളി പ്രേക്ഷകരുടെ വിജയമാണെന്നും എ.കെ.സാജൻ പറഞ്ഞു.

ചെറു ബജറ്റിലൊരുക്കുന്ന സിനിമകൾ എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കാനാകുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് നീയും ഞാനും എന്ന സിനിമയിലൂടെ നായകനിരയിലേക്കുയർന്ന ഷറഫുദ്ദീൻ പറയുന്നു. ഇത് ചെറിയ സിനിമകൾ ചെയ്യുന്നതിൽ നിന്ന് സംവിധായകർ പിന്നോട്ട് പോകുന്നതിന് കാരണമാകും. മലയാളത്തിൽ ഉയർന്നു വരുന്ന യുവതാരങ്ങളെ ആയിരിക്കും ഇത് ഏറ്റവും ബാധിക്കുകയെന്നും ഷറഫുദ്ദീൻ ചൂണ്ടിക്കാട്ടി.