‘നിങ്ങള്‍ ഹൈക്കമാന്‍ഡിനെ അനുസരിക്കൂ’; പോരാളിയായ വൈഎസ്ആറായി മമ്മൂട്ടി: ട്രെയിലർ

പിതൃഭാവങ്ങളിൽ പകർന്നാടി കണ്ണിൽ നനവു പടർത്തിയ പേരൻപിന്‍റെ ട്രെയിലറിനു ശേഷം തികച്ചും വ്യത്യസ്തമായ ഭാവപ്പകര്‍ച്ചകളില്‍ മമ്മൂട്ടി. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ തെലുങ്കുചിത്രം 'യാത്ര'യുടെ ആദ്യ ട്രെയിലർ എത്തി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എത്തുന്ന ചിത്രം രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം ചെലുത്താനിടയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഏറ്റുമുട്ടുന്ന വൈഎസ്ആറിനെ സിനിമയില്‍ കാണാമെന്ന് ട്രെയിലര്‍ ഉറപ്പിക്കുന്നു. അതിന്റെ സൂചനകള്‍ വ്യക്തം. ഹൈക്കമാന്‍ഡിനെ നിങ്ങള്‍ അനുസരിച്ചേ പറ്റൂവെന്ന മുന്നറിയിപ്പോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.

ഏറെക്കാലത്തിന് ശേഷം സുഹാസിനിയെ മമ്മൂട്ടിക്കൊപ്പം കാണാം ട്രെയിലറില്‍. മഹി വി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജഗപതി റാവു, റാവു രമേഷ് എന്നിവരും 'യാത്ര'യില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

20 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും 'യാത്ര'യ്ക്കുണ്ട്. മൂന്ന് വർഷം നീണ്ട പദയാത്ര നടത്തി തെലുങ്ക് രാഷ്ട്രീയത്തിലെ അതികായനായി മാറിയ വൈ.എസ്‌.ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയിൽ ദൃശ്യവത്കരിക്കുക.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥ സിനിമയിലൂടെ പുനരവതരിപ്പിക്കുന്നു. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. 992ല്‍ കെ വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കീരണത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി തെലുങ്കിലെത്തുന്നത്.