ഇനി ആലിയ കപൂർ എന്ന് വിളിച്ചോട്ടേ എന്ന് ആരാധകൻ; മറുപടി വൈറൽ

രൺബീർ കപൂർ–ആലിയ ഭട്ട് വിവാഹം എന്നാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. പ്രണയത്തിലാണെന്ന് തുറന്നുസമ്മതിച്ചെങ്കിലും വിവാഹക്കാര്യം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ഇരവരും പ്രണയത്തിലാണെന്ന് ആലിയയുടെ അച്ഛൻ മഹേഷ് ഭട്ടും സ്ഥിരീകരിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കാൻ ആലിയ ട്വിറ്ററിൽ എത്തിയിരുന്നു. വിവാഹം കഴിഞ്ഞ് പ്രിയങ്ക ചോപ്ര, പ്രിയങ്ക ചോപ്ര ജോനാസ് എന്ന് മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു ആരാധകൻ ആലിയയോട് ചോദിച്ചത് ഇങ്ങനെ: 'ഞങ്ങൾക്ക് ആലിയ കപൂർ എന്ന് വിളിക്കാമോ?'

ഹിമാൻഷു കകാനി എന്നതിന് പകരം ഞാൻ നിങ്ങളെ ഹിമാൻഷു ഭട്ട് എന്ന് വിളിക്കട്ടെ എന്നായിരുന്നു ആലിയ മറുപടി നൽകിയത്. ആലിയയുടെ മറുപടി ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

വിവാഹശേഷം ഐശ്വര്യ റായ്, ശിൽപ ഷെട്ടി എന്നിവരുൾപ്പെടെ പല പ്രമുഖ നടിമാരും പേരുമാറ്റിയിരുന്നു.