'ദിലീപിന്റെ ബിനാമിയാണോ? എവിടുന്നാണ് ഇത്ര പണം?; ധർമജന്‍റെ മറുപടി: വിഡിയോ

കോമഡി സ്കിറ്റുകളിലൂടെയെത്തി സിനിമയിൽ അരങ്ങേറിയ താരമാണ് ധർമജൻ. ഇപ്പോഴിതാ നിത്യഹരിത നായകൻ എന്ന ചിത്രത്തിലൂടെ നിർമാതാവിന്റെ റോൾ കൂടി ഏറ്റെടുത്തിരിക്കുകയാണ് ധർമജൻ. നിർമാതാവായതിന് പിന്നാലെ നേരിടേണ്ടി വന്ന സ്ഥിരം ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം. 

ധർമജൻ എങ്ങനെ നിർമാതാവായി, ഇതിനും മാത്രം പൈസ ചേട്ടന്റെ കയ്യിൽ ഉണ്ടോ, ഈ പൈസ ദിലീപ് ഇറക്കുന്നതാണോ, ദിലീപിന്റെ ബിനാമിയാണോ എന്നിവയൊക്കെയാണ് ചോദ്യങ്ങൾ.  നിരവധിയാളുകൾ തന്നോടീ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്ന് ധർമജൻ പറയുന്നു. 

''ഒരിക്കലും അല്ല കേട്ടോ, ദിലീപേട്ടന് ഇതെക്കുറിച്ച് അറിയാൻ പോലും വഴിയില്ല. നിർമാതാവായത് വലിയ കാശായതുകൊണ്ടൊന്നുമല്ല. രണ്ടു നല്ല സുഹൃത്തുക്കൾ കാശുമുടക്കാൻ വന്നു, ഒപ്പം ഞാനും കാശുമുടക്കി. കാശുമുടക്കാത്ത നിർമാതാവല്ല, നല്ല വേദനയുള്ള നിർമാതാവാണ്. സിനിമ നിങ്ങൾ കണ്ട് തിയറ്ററിൽ പോയി വിജയപ്പിച്ചാലേ എനിക്കു മുടക്കിയ കാശ് തിരിച്ചുകിട്ടൂ.

''ഇനിയൊരു സിനിമ ചെയ്യണമെങ്കിൽ നിങ്ങൾ തരുന്ന പ്രോത്സാഹനത്തിലൂടെയേ കഴിയൂ. ഞാൻ വലിയ കോടീശ്വരനാകാൻ വേണ്ടിയൊന്നുമല്ല സിനിമ നിർമിച്ചത്. ഇനിയും നല്ല സിനിമകളുമായി മുന്നോട്ടുവരാൻ വേണ്ടിയാണ്.

''ഒരു നല്ല സിനിമ നടക്കാതെ പോകരുത് എന്ന ചിന്തയിലാണ് ഈ സിനിമ നിർമിക്കാൻ തീരുമാനിക്കുന്നത്. ഞാനൊരു കോടീശ്വരന്റെ മകനനൊന്നുമല്ല. സിനിമയിൽനിന്നും മിമിക്രിയിൽനിന്നും സമ്പാദിച്ച പൈസയാണ് എന്റെ കയ്യിൽ ഉള്ളത്. മാത്രമല്ല, ഇതുവലിയ ബജറ്റ് വേണ്ടിവരുന്ന സിനിമയും അല്ലായിരുന്നു. നിർമാതാവ് എന്ന നിലയിൽ എനിക്ക് ടെൻഷനൊന്നും ഇല്ലായിരുന്നു, എന്നേക്കാൾ ചിലപ്പോൾ സംവിധായകനാകും കൂടുതൽ ടെൻഷന്‍ അടിച്ചത്.’– ധർമജൻ പറഞ്ഞു.

നിർമാതാവായ ആദ്യ ചിത്രത്തിൽ പിഷാരടിയെ നായകനാക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ധർമജന്റെ ഉത്തരം. - ‘ ഞാൻ ഉണ്ടാക്കിയ കാശ് എനിക്കു നശിപ്പിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ്. രമേഷ് പിഷാരഡിയും ധർമജനും ചേർന്നുള്ള കോമഡി പരിപാടികൾ വൻ ഹിറ്റായിരുന്നു.