ചുവന്ന വസ്ത്രത്തിൽ സുമംഗലി ദീപിക; പതിവുചിരിയിൽ രൺവീർ; പുതിയ ചിത്രങ്ങൾ

കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴക്കുക എന്നുള്ളത് അക്ഷരാർത്ഥത്തിൽ ശരിയാകുകയായിരുന്നു ദീപ്‍വീര്‍ വിവാഹ കാര്യത്തിൽ. മറ്റൊരു താരദമ്പദികളുടെയും വിവാഹചിത്രങ്ങൾക്കായി ആരാധകർ ഇത്രത്തോളം കാത്തിരുന്നിട്ടുണ്ടാകില്ല. കാത്തിരിപ്പിൻറെ മുഷിപ്പ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കം പലരും പ്രകടിപ്പിക്കാനും തുടങ്ങി. ഒരു ദിവത്തിനു ശേഷം ആദ്യ ചിത്രങ്ങളുമായി രൺവീറെത്തി. കൂടുതലൊന്നുമില്ല, രണ്ടേ രണ്ടു ചിത്രങ്ങള്‍ മാത്രം. ആരാധകരുടെ താത്കാലികാശ്വാസത്തിന് അതുപകരിച്ചെങ്കിലും പിന്നെയും കാത്തിരിപ്പു തുടർന്നു, കൂടുതൽ ചിത്രങ്ങൾക്കായി. 

വീണ്ടും ചില ചിത്രങ്ങൾ കൂടിയെത്തി. ഇരുവരുടെയും വിവാഹവസ്ത്രങ്ങൾ രൂപകൽപന ചെയ്ത സബ്യസാചി ആണ് ഇന്ത്യയിലെത്തിയതിനു ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. നവംബർ 14, 15 തീയതികളിൽ ഇറ്റലിയിലെ ലേക് കോമോയിൽ സിന്ധ്, കൊങ്ങിണി ആചാരപ്രകാരം നടന്ന ഇവരുടെ വിവാഹത്തിനും വസ്ത്രങ്ങളൊരുക്കിയത് സബ്യസാചിയായിരുന്നു.

ഇപ്പോൾ ഏറ്റവും പുതിയ ചിത്രങ്ങളുമായി രൺവീർ സിങ്ങ് എത്തിയിരിക്കുകയാണ്. സുമംഗലിയായ ദീപികക്കും നിറചിരി മായാതെയുള്ള രൺവീറിനും ലൈക്കേറ്റുകയാണ് ആരാധകർ. മെഹന്ദി ചിത്രങ്ങവും രൺവീർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.