ഇത് അയ്യപ്പനെന്ന രാജകുമാരന്റെയും വിപ്ലവകാരിയുടെയും കഥ; വെളിപ്പെടുത്തി നിര്‍മാതാവ്

ശബരിമല വിഷയം തലക്കെട്ടുകളിൽ നിറയുമ്പോൾ തന്റെ പുതിയ ചിത്രമായ അയ്യപ്പനെന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടത്തലുമായി നിര്‍മ്മാതാവ് ഷാജി നടേശന്‍. കൊടുംകാട്ടിൽ അമ്പും വില്ലുമേന്തി കടുവക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധയാകർഷിച്ചിരുന്നു. ആഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കർ രാമക്യഷ്ണനാണ്. 

ശബരിമലയിലെ ശാസ്താവിന്റെ കഥയല്ല, മറിച്ച് അയ്യപ്പനെന്ന രാജകുമാരനും പോരാളിയും വിപ്ലവകാരിയുമെല്ലാമായ അയ്യപ്പന്റെ മനുഷ്യജീവിതമായിരിക്കും ചിത്രം പറയുക. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മലയാളം കണ്ട ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായിരിക്കും അയ്യപ്പനെന്നും അന്യഭാഷയില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ സിനിമയിലുണ്ടാകുമെന്നും ഷാജി വ്യക്തമാക്കി.

കഴിഞ്ഞ 2 വർഷമായി ചിതത്തിന്റെ പിന്നണിയിൽ താൻ പ്രവർത്തിക്കുകയാണ്. ലോകം മുഴുവൻ  ഇന്ത്യക്കാർ അയപ്പനെ ആരാധിക്കുന്നു. അതുകൊണ്ട് മികച്ച മുതൽ മുടക്കിൽ മികവുറ്റ സാങ്കേതിക പ്രവർത്തകരെ അണിനിരത്തിയാകും ചിത്രം ഒരുക്കുക. ഇംഗ്ളീഷ് ഉൾപ്പെടെ 5 ഭാഷകളിൽ സിനിമ പുറത്തിറങ്ങും. 

ബാഹുബലിയിലും ദംഗലിലുമെല്ലാം പ്രവര്‍ത്തിച്ച സാങ്കേതികപ്രവര്‍ത്തകർക്ക് പിന്നാലെ പോകുന്നതിനുപകരം മലയാളത്തില്‍ നിന്നുള്ള മികച്ച സാങ്കേതികപ്രവര്‍ത്തകര്‍ക്ക് ചിത്രത്തിൽ അവസരമൊരുക്കുമെന്നും ഷാജി വ്യക്തമാക്കി. ചിത്രത്തിന്റെ ഭൂഭാഗവും ചിത്രികരിക്കുക വനത്തിനുള്ളിൽ ആയിരിക്കുമെന്നും. 2020–ലെ മകരവിളക്കിന് ചിത്രം റിലീസ് ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാജി പറഞ്ഞു.