നോവിച്ച ചിരി, നിസഹായത; സുഡാനിയിൽ അമ്പരപ്പിച്ച അബ്ദുള്ളാക്ക

ktc-abdulla
SHARE

ചില കഥാപാത്രങ്ങളങ്ങനെയാണ്, തിയറ്റർ വിട്ടാലും കൂടെ ഇറങ്ങിപ്പോരും. പിന്നെയും കുറേനാൾ ഉള്ളിലങ്ങനെ കുത്തിനോവിക്കും. സുഡാനി ഫ്രം നൈജീരിയയിലെ സൗബിൻറെ ഉപ്പയുടെ നിസഹായതയും 'ഫാദർ' എന്നു പറയുമ്പോൾ കണ്ണുകളിലുണ്ടായ ആ തിളക്കവും നിഷ്കളങ്കമായ ചിരിയും എടിഎം കൗണ്ടറിനു മുന്നിലെ നിസഹായമായ ഇരിപ്പും സിനിമ കഴിഞ്ഞും കൂടെയിറങ്ങിപ്പോന്നിട്ടുണ്ട്, പലർക്കുമൊപ്പം. ''കെ.ടി.സി. അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്” എന്നാണ് സുഡാനി കണ്ടതിനുശേഷം സുരാജ് വെഞ്ഞാറമ്മൂട് ഫെയ്സ്ബുക്കിൽ കുറിച്ചത്. അയാൾ സംസാരിച്ചത് ഹൃദയഭാഷയിലാണ്. കൈ നിറയെ ചിത്രങ്ങളില്ലെങ്കിലും മലയാളി അദ്ദേഹത്തെ ഓർക്കുന്നത് ആ ഹൃദയഭാഷയും ചങ്കിൽ തുളച്ചിറങ്ങുന്ന ഭാവങ്ങളും കൊണ്ടാണ്. 

സുഡാനിയിലെ ജമീലയുടെ പുത്യാപ്ലയാകുന്നതിനും മുൻപ് അറബിക്കഥയിലെ അബ്ദുക്കയും യെസ് യുവർ ഓണറിലെ കുഞ്ഞമ്പുവും മനസാ വാചാ കർമണയിലെ റിക്ഷക്കാരനും ചിരിയോ ചിരിയിലെ മുറുക്കാൻ കടക്കാരനും എന്നും നൻമകളിലെ രോഗിയും കാണാക്കിനാവിലെ അധ്യാപകനും വാർത്തയിലെ പത്രക്കാരനും അങ്ങാടിയിലെ ചുമട്ടുതൊഴിലാളിയും ദ്വീപിലെ പിരിവുകാരനും ഗദ്ദാമയിലെ ഗൾഫുകാരനും ഒക്കെയായി അദ്ദേഹം മലയാളിമനസിനൊപ്പം ചേർന്നു. 

''സിനിമക്കപ്പുറമുള്ള വ്യക്തിബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. രണ്ടാഴ്ച മുൻപു വരെ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കണേ എന്നതായിരുന്നു പ്രാർത്ഥന. സൗബിൻറെ ഉപ്പയായി ആരഭിനയിക്കണം എന്നതു സംബന്ധിച്ച് എനിക്കോ നിർമാതാക്കൾക്കോ സംശയമുണ്ടായിരുന്നില്ല. ആദ്യം തന്നെ അദ്ദേഹത്തെ ആണ് തീരുമാനിച്ചത്. സുഡാനിയുടെ ക്ലാപ്പ് അടിക്കുന്നതും അദ്ദേഹമാണ്. അതുകൊണ്ടുതന്നെ ആ സിനിമ വിജയിക്കണമെന്ന് ഇക്കാക്ക് വലിയ ആഗ്രഹമായിരുന്നു. താൻ തുടങ്ങിവെച്ച കാര്യം മോശമായിപ്പോകരുതെന്ന് പറയുമായിരുന്നു'', അന്തരിച്ച കെടിസി അബ്ദുള്ളയെ അനുസ്മരിച്ചുകൊണ്ട് ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു. 

കാണാക്കിനാവിൽ അഭിനയിക്കവേ, നിലമ്പൂരിൽ ഒഴുക്കിൽ പെട്ടപ്പോഴും കാറ്റത്തെ കിളിക്കൂടിൽ സൈക്കിൾ റിക്ഷ ഓടിക്കവേ അപകടത്തിൽ കുടുങ്ങിയപ്പോഴും ഭാഗ്യം കൊണ്ടാണു രക്ഷപ്പെട്ടതെന്ന് അബ്ദുല്ല പറഞ്ഞിട്ടുണ്ട്. ഹിന്ദി ചലച്ചിത്ര പ്രതിഭ ദിലീപ് കുമാർ മുതൽ സംഗീത ഇതിഹാസം നൗഷാദ് വരെയുള്ള ഒരുപാടുപേരെ പരിചയപ്പെടാൻ കഴിഞ്ഞ ചലച്ചിത്രവേദി അബ്ദുല്ലയെ എപ്പോഴും ഒന്നിച്ചു ചേർത്തുവച്ചു. എം.ടി. വാസുദേവൻ നായർ, സത്യൻ അന്തിക്കാട്, ഹരിഹരൻ, ടി. ദാമോദരൻ, ഐ.വി. ശശി, ഭരതൻ തുടങ്ങിയവരുടെയൊക്കെ സിനിമകളിൽ അഭിനയിക്കാൻ അത് അവസരം നൽകി.

എവിടെ കഥയുമായി വരുന്ന ഒരു മനുഷ്യ‌നെ കോഴിക്കോട്ടുകാർ വിളിച്ചത് കെടിസി അബ്ദുല്ല എന്നാണ്. എന്നാൽ, ഇദ്ദേഹത്തെ അന്വേഷിച്ച് കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ പോയാൽ കെ. അബ്ദുല്ല എന്ന നെയിം പ്ലേറ്റിനു പിന്നിൽ നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന കാരാടി അബ്ദുല്ലയെയാണു കാണുക.

അബ്ദുള്ള കെ.ടി.സി. അബ്ദുള്ളയായ കഥ

കോഴിക്കോട് കോട്ടപ്പറമ്പിനടുത്ത് ഡ്രൈവർ ഉണ്ണി മോയിന്റെയും ബീപാത്തുവിന്റെയും ഏക പുത്രനായാണ് ജനിച്ച അബ്ദുല്ല ജനിച്ചത്. സ്കൂൾ കാലത്തു തന്നെ നാടകഭ്രാന്ത് ഒപ്പമുണ്ടായിരുന്നു. നാടകഭ്രാന്തിനു പിറകേ ഓടുന്നതിനിടെ വിദ്യാഭ്യാസം മുടങ്ങി. പാളയം ജയിൽ റോഡിൽ 1952–ൽ ഏതാനും സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോൾ ഈ ചെറുപ്പക്കാരനും ഒപ്പം കൂടി.എ.കെ. പുതിയങ്ങാടി, പി.കെ. പെരുമാൾ, എ.കെ. നമ്പ്യാർ, എം.കെ. നമ്പ്യാട്ട് എന്നിവരോടൊപ്പം രൂപീകരിക്കപ്പെട്ട യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി ആയിരുന്നു അത്. ‘അവർ പറയട്ടെ’ എന്ന നാടകവുമായി യുഡിഎ അരങ്ങത്തെത്തി. മുപ്പത്തഞ്ചോളം നാടകങ്ങൾ അവർ അവതരിപ്പിച്ചപ്പോൾ അബ്ദുല്ലക്കും ശ്രദ്ധേയമായ റോളുണ്ടായിരുന്നു.

എ.കെ. പുതിയങ്ങാടിയുടെ ‘കണ്ണുകൾക്ക് ഭാഷയുണ്ട്’ എന്ന നാടകത്തിലും പി.എൻ.എം. ആലിക്കോയയുടെ ‘വമ്പത്തി, നീയാണ് പെണ്ണ്’ എന്ന നാടകത്തിലും സ്ത്രീ വേഷമായിരുന്നു. റേഡിയോ നാടക രംഗത്തു എ ഗ്രേഡ് ആർട്ടിസ്റ്റായി അറിയപ്പെടുന്ന അബ്ദുല്ല ടെലിവിഷൻ യുഗത്തിൽ സീരിയൽ നടനായും വേഷമിട്ടു. 1959ൽ കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെയാണ് കെ. അബ്ദുല്ല, കെടിസി അബ്ദുല്ലയായത്. സ്ഥാപകനായ പി.വി. സാമിയിൽ തുടങ്ങിയ സൗഹൃദം മൂന്നാം തലമുറയിലും തുടരുന്ന അദ്ദേഹം, അവരുടെ ട്രാൻസ്പോർട്ട് മേഖലയിൽ മാത്രമല്ല, എല്ലാ സംരംഭങ്ങളിലും ഭാഗഭാക്കാണ്. 

അങ്ങനെയാണ് ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസ് എന്ന പേരിൽ കെടിസി ഗ്രൂപ്പ് സിനിമാ രംഗത്തേക്കു കടന്നപ്പോൾ അബ്ദുല്ല ആ വഴിക്കു തിരിഞ്ഞത്.കാർമികൻ എന്ന പോലെ നടനായും ശോഭിച്ച അദ്ദേഹം 1977ലെ സുജാത മുതൽ നോട്ട്ബുക്ക് വരെ എല്ലാ ചലച്ചിത്രങ്ങളിലും ഭാഗമായി. 

MORE IN ENTERTAINMENT
SHOW MORE