മീ ടൂ പ്രഖ്യാപിച്ച് ശോഭന; അശ്ലീല കമന്റുകളും നിറഞ്ഞു; പിന്‍വലിച്ചു; വീണ്ടും പോസ്റ്റ്

ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ് മീ ടു ക്യാംപെയിൻ. ഇപ്പോഴിതാ ചലച്ചിത്ര നടി ശോഭനയുടെ മിടു പോസ്റ്റും സിനിമ ലോകത്തെ ഞെട്ടിച്ചു. മീ ടു എന്ന ഹാഷ്ടാഗ് മാത്രം പങ്കു വച്ചുള്ള പോസ്റ്റാണ് രാവിലെ ശോഭന പങ്കു വച്ചത്. എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ആയതോടെ ശോഭന സ്റ്റാറ്റസ് പിൻവലിച്ചു.

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് വീണ്ടും വിശദീകരണവുമായി താരം പ്രത്യക്ഷപ്പെട്ടു. മീ ടൂ പ്രസ്ഥാനത്തില്‍ അണി ചേര്‍ന്നവര്‍ക്ക് പിന്തുണ അറിയിച്ച ശോഭന, ഏറ്റവും പോസിറ്റീവ് ജോലി സാഹചര്യം സൃഷ്ടിക്കാന്‍ ഇത് സഹായകമാകുമെന്നും പറഞ്ഞു. 

ഇന്നു രാവിലെയാണ് ശോഭന ഫെയ്സ്ബുക്കിൽ മീ ടു എന്ന ഹാഷ്ടാഗ് പങ്കുവച്ചത്. ഹാഷ്ടാഗ് മാത്രമായത് പോസ്റ്റ് കണ്ട പലരെയും ആശയക്കുഴപ്പത്തിലാക്കി. നിലവിൽ സജീവമായിരിക്കുന്ന മീ ടു ക്യാംപെയ്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള പോസ്റ്റായിരിക്കാം ഇതെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തൽ. എന്നാൽ, തനിക്ക് നേരിടേണ്ട വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറയാനുള്ള സൂചനയായി ചിലർ പോസ്റ്റിനെ കണ്ടു.  

'യാർ അന്ത ശങ്കരൻ തമ്പി' എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്നുയര്‍ന്ന ചോദ്യം. ഇത്രയും കാലം എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന ചോദ്യങ്ങളും ചിലർ ഉന്നയിക്കുന്നു. എന്നാൽ, പോസ്റ്റിന് താഴെ ശോഭനയെ അധിക്ഷേപിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ അശ്ലീലഭാഷയിലായിരുന്നു ചില കമന്റുകൾ. ഇതുമൂലമാണോ പോസ്റ്റ് അരമണിക്കൂറിനകം പിൻവലിച്ചതെന്ന് വ്യക്തമല്ല. 

മലയാള ചലച്ചിത്രലോകത്തിൽ സജീവമായിരിക്കുന്ന പലമട്ടില്‍ സജീവമായ ലിംഗനീത‌ി ചർച്ചകൾക്കും അനുബന്ധ വിവാദങ്ങള്‍ക്കും ആക്കം പകരുന്നതാണ് ശോഭനയുടെ പ്രതികരണം. മലയാളം–തമിഴ് ഇൻഡസ്ട്രികളിൽ നിന്നും നിരവധി താരങ്ങൾ മീ ടു തുറന്നുപറച്ചിലുകളുമായി രംഗത്തുവന്നിരുന്നു. കേരളത്തില്‍ മുകേഷിനെതിരെ അടക്കം വലിയ വിമര്‍ശനമാണ് ആരോപണത്തിന് പിന്നാലെ നേരിടേണ്ടിവന്നത്.