ആ വേഷത്തിനായി പ്രിയങ്ക ചോപ്ര ആയിരംവട്ടം വിളിച്ചു; പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്‍ ചിത്രമായ ഭാരതിൽ നിന്നും നടി പ്രിയങ്ക ചോപ്ര പിന്മാറിയത് വലിയ വിവാദമായിരുന്നു. കാമുകൻ നിക്ക് ജൊനാസുമായുള്ള വിവാഹനിശ്ചയത്തിനായാണ് പ്രിയങ്ക ചിത്രത്തിൽ നിന്നും പിന്മാറിയത് എന്നത് സല്‍മാന്‍ ആരാധകരെ ചൂടാക്കി. എന്നാൽ പൊടുന്നനെയുള്ള പ്രിയങ്കയുടെ പിന്മാറ്റം സൽമാന് ഖാനും തീരെ രസിച്ചിട്ടില്ല എന്നാണ് പുതിയ വാർത്തകൾ. സൽമാൻ പല ഇടത്തും തന്റെ ദേഷ്യം ‌പരോക്ഷമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇപ്പോളിതാ ആ പ്രകോപനം രോഷത്തിലും പൊട്ടിത്തറിയിലും എത്തിയിരിക്കുന്നു. 

സംവിധായകന്‍ അലി അബ്ബാസ് സഫറിനോട് പ്രിയങ്ക ചോദിച്ചുവാങ്ങിയ വേഷമാണ് ഭാരതിലേതെന്ന് കഴിഞ്ഞ ദിവസം സൽമാൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു കാര്യം കൂടി സൽമാൻ പറഞ്ഞിരിക്കുകയാണ്. ഈ ചിത്രത്തിൽ തനിക്ക് അഭിനയിക്കണം എന്ന് ആവശ്യപ്പെട്ട് പ്രിയങ്ക സൽമാന്റെ സഹോദരി അർപിത ഖാനെ നിരവധി തവണ വിളിച്ചിരുന്നുവെന്നാണ് പറയുന്നത്. 'പ്രിയങ്ക അർപിതയെ 1000 തവണയെങ്കിലും വിളിച്ച് എനിക്ക് സൽമാനൊപ്പം സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അലി അബ്ബാസിനെ വിളിച്ച് ഈ ചിത്രത്തിൽ തനിക്കും ഒരു വേഷം തരണമെന്ന് പ്രിയങ്ക അഭ്യർഥിച്ചു'. സൽമാൻ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇതാദ്യമായല്ല സൽമാൻ ഖാൻ പ്രിയങ്കയെ കുറ്റപ്പെടുത്തി രംഗത്തെത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് അഞ്ച് ദിവസം മുമ്പെങ്കിലും പ്രിയങ്ക പിന്മാറുന്നുവെന്ന് പറഞ്ഞത് വളരെ നന്നായി എന്നാണ് സൽമാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രിയങ്കയ്ക്ക് പകരം ബോളിവുഡ് സുന്ദരി കത്രീന കൈഫാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇതിൽ എന്തായാലും ആരാധകർ തൃപ്തരാണ്. 

അതേസമയം ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനാണ് പ്രിയങ്ക പിന്മാറിയതെന്നും വാർത്തകളുണ്ട്. ക്രിസ് പാറ്റിന്റെ നായികയായി കൗബോയ് വികിങ് നിഞ്ജ എന്ന ചിത്രത്തിൽ പ്രിയങ്ക എത്തുമെന്നാണ് വിവരം.