ആഘോഷപൂരമൊരുക്കി മഴവിൽ മാംഗോ മ്യൂസിക് നൈറ്റ്; അർജുനൻ മാസ്റ്റർക്ക് ആദരം

മിഴികളില്‍ ആഘോഷത്തിന്റെ പൂമരമൊരുക്കി മഴവില്‍ മാംഗോ മ്യൂസിക് നൈറ്റ്. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ചടങ്ങില്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ സാന്നിധ്യത്തില്‍ മോഹന്‍ലാല്‍ സമ്മാനിച്ചു.  ചലച്ചിത്രലോകത്തെ പ്രമുഖര്‍ സാന്നിധ്യമറിയിച്ച വേദിയില്‍ സംഗീതവിഭാഗത്തിലെ മറ്റുപുരസ്കാരങ്ങളും വിതരണം ചെയ്തു.

പാട്ടിന്റെ തീരത്തെ മലയാളത്തിന്റെ അഭിമാനസ്തംഭത്തിനുള്ള ആദരമായി മാറി മഴവില്‍ മാംഗോ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. പ്രേക്ഷകരുടെ അഭിപ്രായവോട്ടെടുപ്പില്‍ മായാനദിയിലേയും പൂമരത്തിലെയും പാട്ടുകള്‍ക്കായിരുന്നു ഭൂരിപക്ഷം.

മിഴിയില്‍ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞ മായാനദിയിലെ പാട്ട്  റെക്സ് വിജയനെ മികച്ച സംഗീതസംവിധായകനാക്കി. ഇതേ പാട്ടിലൂടെ അന്‍വര്‍ അലി ഗാനരചനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി.

പൂമരത്തിലെ പാട്ടുകളെ തേടിയെത്തിയത് നാലുപുരസ്കാരങ്ങളാണ്. മൃദുമന്ദഹാസം പൊഴിച്ച് കെ.എസ്.ചിത്ര പുതിയ തലമുറയുടെ മല്‍സരങ്ങള്‍ക്കിടയിലും മികവ് ആവര്‍ത്തിച്ചു.

പൂമരത്തിലെ കടവത്തൊരു തോണിയിലൂടെയാണ് കാര്‍ത്തിക് മികച്ച ഗായകനായത്. ഈ പാട്ടിന്റെ സംഗീതസംവിധാനത്തിന് ലീല എല്‍. ഗിരീഷ്കുട്ടന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

ആസ്വാദകര്‍ ഏറ്റെടുത്ത ഞാനും ഞാനുമെന്റാളും പാടി  ഫൈസല്‍ റാസി നവാഗത ഗായകനുള്ള അവാര്‍ഡ് നേടി. സണ്‍ഡെ ഹോളിഡെയിലെ മഴപാടും കുളിരായ് ആണ് ജനപ്രിയഗാനം. അരവിന്ദ് വേണുഗോപാലും അപര്‍ണ ബാലമുരളിയും ആലപിച്ച ഈ പാട്ടാണ് മികച്ച യുഗ്മഗാനവും.

ജോബ് കുര്യന്റെ എന്താവോ ആണ് മികച്ച ചലച്ചിത്രേതരഗാനം. സ്വന്തം ചിത്രങ്ങളിലെ പാട്ടുകളുമായി മോഹന്‍ലാല്‍ ആഘോഷത്തിന് നിറംപകര്‍ന്നു.

രമേഷ് പിഷാരടിയും ധര്‍മജനുമൊരുക്കിയ ചിരിവിരുന്നിനും വേദി  സാക്ഷ്യം വഹിച്ചു.