അശാന്തിനെ കമൽ തടഞ്ഞു; പിണറായി തിരിച്ചു വിളിച്ചു: ആ ‘വിവാദ’സെല്‍ഫിയുടെ കഥ

താരമായല്ല ഇന്ത്യയിലെ തന്നെ മുൻനിര കലാകാരൻ എന്ന നിലയിലാണ്  മോഹൻലാൽ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ പങ്കെടുക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. എന്നാൽ സംസ്ഥാന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്ത വിവരം മുഖ്യമന്ത്രിയായ പിണറായി വിജയൻ തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കു വച്ചപ്പോൾ ഒപ്പമിട്ട ചിത്രത്തിൽ മികച്ച നടനോ നടിയോ ഇടം പിടിച്ചതുമില്ല. അശാന്ത് കെ. ഷാ  എന്ന കൊച്ചുമിടുക്കനൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പിണറായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആ സെല്‍ഫിയില്‍ മോഹന്‍ലാലും ഇടംപിടിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വിവാദമുയര്‍ത്തി രംഗത്തെത്തുകയും ചെയ്തു. മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചവരില്‍ ചിലരായിരുന്നു വിവാദമുയര്‍ത്തിയത്. മികച്ച നടനായ ഇന്ദ്രന്‍സ് ഈ ചിത്രത്തിലൊന്നും ഇടം പിടിക്കാത്തതായിരുന്നു ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ഏതായാലും ആ സെല്‍ഫിക്ക് പിന്നിലെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

ലാലിബേലാ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അശാന്ത് എന്ന മിടുക്കന് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചത്. പുരസ്കാരം വാങ്ങാനായി വേദയിലേയ്ക്ക് കയറിയ അശാന്ത് കുട്ടിത്തത്തിന്റെ നിഷ്കളങ്കതയോടെ ഓടിവന്ന് മുഖ്യാതിഥി മോഹൻലാലിനെ ആലിംഗനം ചെയ്തു. പിന്നീട് പിണറായി വിജയനെയും കെട്ടിപ്പിടിച്ചു സന്തോഷം പ്രകടിപ്പിച്ചു. 

എല്ലാവരും ബഹുമാനത്തോടും പേടിയോടും മാത്രം കാണുന്ന മുഖ്യമന്ത്രിയെ അശാന്ത് ആലിംഗനം ചെയ്യുന്നതു കണ്ട സദസ്സ് കയ്യടിച്ചു. വേദിയിൽ വച്ചു തന്നെ മുഖ്യമന്ത്രിയൊടോപ്പം സെൽഫിയെടുക്കാനും അശാന്ത് ശ്രമിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലും സഹപ്രവർത്തകരും അശാന്തിനെ തടഞ്ഞു നിർത്തി. നിരാശനായി മടങ്ങിയ അശാന്തിനെ തിരികെ വിളിച്ച് ഒപ്പം സെൽഫിയെടുത്തു. 

ആദ്യം മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത അശാന്ത് പിന്നീട് അദ്ദേഹത്തിന്റെ തോളിൽ കയ്യിട്ട് ചേർത്തു നിർത്തി വീണ്ടും സെൽഫി ക്ലിക്ക് ചെയ്തു. ആലപ്പുഴയില്‍ അനുമതിയില്ലാതെ സെൽഫിയെടുക്കാൻ ശ്രമിച്ച പയ്യനെ തളളിമാറ്റി വിമർശനങ്ങളേറ്റു വാങ്ങിയ പിണറായി അശാന്തിന്റെ സെൽഫികളോട് ശാന്തമായി പുഞ്ചിരിയോടെയാണ് പ്രതികരിച്ചത്. ഒപ്പം എല്ലാത്തിനും സാക്ഷിയായി മോഹൻലാലും ഉണ്ടായിരുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലും ഇതേ ചിത്രം മുഖ്യമന്ത്രി ഇട്ടതോടെ അശാന്തിന്റെ സെൽഫിയെ അദ്ദേഹം ഹൃദയത്തോട് ചേർത്തുവെന്ന് വ്യക്തം.