വിശാൽ ഭീഷണിപ്പെടുത്തുന്നുവെന്ന് ശ്രീറെഡ്ഡി; പക്ഷേ എല്ലാം പുറത്തുവിടും

തെലുങ്ക് സിനിമാ ലോകത്തെ ആരോപണങ്ങള്‍ കൊണ്ട് വിറപ്പിച്ചതിന് ശേഷം നടി ശ്രീറെഡ്ഡി ഇപ്പോൾ തമിഴിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തമിഴ് സംവിധായകൻ എ ആര്‍ മുരുഗദാസ്, നടൻ ശ്രീകാന്ത് , നടനും നൃത്തസംവിധായകനുമായ രാഘവ ലോറൻസ് എന്നിവരെക്കുറിച്ച് ശ്രീറെഡ്ഡി നടത്തിയ ഗുരുതര വെളിപ്പെടുത്തൽ ഏറെ ഞെട്ടലാണ് ഉണ്ടാക്കിയത്.  ഇപ്പോഴിതാ നടനും പ്രൊ‍ഡ്യൂസർ കൗൺസിൽ പ്രസിഡന്റും നടിഗർ സംഘം സെക്രട്ടറിയുമായ വിശാലിനെതിരെയാണ് ശ്രീറെഡ്ഡിയുടെ പുതിയ ആരോപണം.

'തമിഴ് നടൻ വിശാലിൽ നിന്നും എനിക്ക് ഭീഷണികൾ ലഭിക്കുന്നുണ്ട്..പക്ഷേ കോളിവുഡിന്റെ ഇരുണ്ടമുഖം ഞാൻ തുറന്നു കാണിക്കും'. ഇതാണ് ശ്രീറെഡ്ഡിയുടെ ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്. തമിഴ് സിനിമയിലെ പ്രമുഖർക്കെതിരെ രംഗത്തുവന്നതിന് വിശാൽ കഴിഞ്ഞദിവസം ശ്രീ റെഡ്ഡിയോട് കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. തെളിവുമായി വന്നിട്ട് ആരോപണം ഉന്നയിക്കാമെന്നും വെറുതെ തോന്നിയവരുടെ പേരുകൾ വിളിച്ചു പറയേണ്ടെന്നുമാണ് വിശാൽ പറഞ്ഞത്. ചിലപ്പോൾ അവർ പറയാൻ പോകുന്ന അടുത്ത പേര് തന്റേതായിരിക്കുമെന്നും വിശാൽ ശ്രീറെഡ്ഡിയെ പരിഹസിച്ച് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ശ്രീ റെഡ്ഡിയുടെ പുതിയ പോസ്റ്റ്.

തെലുങ്ക് സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെതിരെ തെരുവിൽ വസ്ത്രമഴിച്ചാണ് ശ്രീറെഡ്ഡി പ്രതിഷേധിച്ചത്. തെലുങ്ക് നടൻ നാനി അടക്കമുള്ളവർക്കെതിരെ ലൈംഗികാരോപണങ്ങൾ ഇവർ ഉന്നയിച്ചിരുന്നു. നാനി ഇതിൽ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ തമിഴ്ലീക്സ് എന്ന പേരിലാണ് തമിഴ് നടന്മാർക്കം സംവിധായകർക്കുമെനതിരെ ആരോപണങ്ങളുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്.