അപേക്ഷിച്ചു, ദയവായി വെറുതെ വിടൂ, എന്നിട്ടും..രഘുവരന്റെ മരണദിനത്തിലെ അനുഭവം പറഞ്ഞ് രോഹിണി

rohini-raguvaran
SHARE

ആറരയടി പൊക്കവും മെലിഞ്ഞുകൊലുന്നനെയുള്ള ശരീരവുമുള്ള രഘുവരൻ  നൈസർഗികവും വ്യതിരിക്‌തവുമായ അഭിനയസിദ്ധിയുടെ ഉടമയായിരുന്നു. കൊമേഴ്‌സ്യൽ സിനിമയും ആർട്ട് സിനിമയും ഒരു പോലെ വഴങ്ങിയ നടൻ. മറ്റാർക്കും അനുകരിക്കാനാവാത്ത അഭിനയസിദ്ധികൊണ്ട് സ്വകാര്യമായ ഒരു ആരാധക വൃന്ദത്തെ ഈ നടൻ സൃഷ്‌ടിച്ചിരുന്നു.  പല തവണ സിനിമയോടും ജീവിതത്തോടും പിണങ്ങി രഘുവരൻ ലഹരിയുടെ ഊടുവഴികളിലൂടെ നടന്നു. പക്ഷേ ഓരോ തവണയും വർധിച്ച കരുത്തോടെ, തിരശ്ശീലയിലേക്ക് മടങ്ങിവന്നു. 

നടി രോഹിണിയെ ജീവിത സഖിയാക്കിയെങ്കിലും കുടുംബത്തിെൻറ ചിട്ടകളിലേക്ക് ഒതുങ്ങാൻ ഒരിക്കലും രഘുവരന് സാധിച്ചില്ല.അങ്ങനെ 2004 നവംബർ 29 ന് ചെന്നൈയിലെ കുടുംബകോടതി മുറിയിൽ വിവാഹമോചന കരാർ ഒപ്പിട്ട് ഭാര്യ മകനെയുമെടുത്ത് പോകുന്നത് അയാൾ നിർവികാരനായി നോക്കിനിന്നു.  അതിനു ശേഷവും ഭാര്യയും മകനുമായി നല്ല സൗഹൃദം തുടർന്നു. ഇന്നും രഘുവരന്റെ ഓർമകൾ രോഹിണിയുടെ മനസിൽ നിന്നും മാഞ്ഞിട്ടില്ല.

എന്നാൽ രഘുവിന്റെ മരണശേഷം കയ്പേറിയ അനുഭവങ്ങളും രോഹിണി നേരിടേണ്ടി വന്നു. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആ അനുഭവങ്ങൾ നടി പങ്കുവച്ചത്. നടി എന്ന നിലയിൽ ആരാധകർ തനിക്കു നൽകുന്ന സ്നേഹത്തോടു രോഹിണി നന്ദി പറയുന്നു. എന്നാൽ അത് ചിലപ്പോഴെങ്കിലും സ്വകാര്യതയെ അപഹരിക്കുന്നതാണെന്ന് മറ്റൊരു വശം. 

രഘു മരിച്ച സമയത്ത് മകൻ ഋഷിയെ കൂട്ടിക്കൊണ്ടു വരാൻ ‍സ്കൂളിലേക്കു പോയിരുന്നു. രഘുവിന്റെ വീട്ടിൽ നിന്ന് പത്രക്കാരെ മാറ്റി നിർത്താൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. അൽപം സ്വകാര്യതയ്ക്കു വേണ്ടിയായിരുന്നു അത്. കൊച്ചു കുട്ടിയായ ഋഷിയ്ക്കു പത്രക്കാരും ആൾക്കൂട്ടവും ഉൾക്കൊള്ളാനുള്ള പക്വത ആയിട്ടില്ലായിരുന്നു. രഘുവിന്റെ വീട്ടിൽ എത്തിയപ്പോൾ ആരും ഇല്ലായിരുന്നു. എന്നാൽ ഞാൻ കാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പത്രക്കാർ പിന്നാലെ കൂടി. അൽപ സമയം ഞങ്ങളെ വെറുതെ വിടൂ എന്നു അപേക്ഷിച്ചെങ്കിലും ആരും കേട്ടില്ലെന്നു രോഹിണി സങ്കടത്തോടെ പറഞ്ഞു. 

ഇപ്പോഴും ഋഷി തന്നോടൊപ്പം പുറത്തുവരാൻ മടി കാട്ടാറുണ്ട്. ആൾക്കൂട്ടം അവനെ അസ്വസ്ഥനാക്കുന്നു. ആളുകൾ സെൽഫിയെടുക്കുന്നതൊന്നും അവന് ഇഷ്ടമില്ല. എന്നാലും രഘുവിനോടു ഇപ്പോഴും ആരാധകർക്കുള്ള സ്നേഹം തന്നെ സന്തോഷിപ്പിക്കുന്നെന്നും രോഹിണി പറഞ്ഞു. 

ജീവിതത്തിലെ താളപ്പിഴകളും അമിത ലഹരിമരുന്നുപയോഗവും അവശനാക്കിയതിനെ തുടർന്ന് 2008 ലാണ് ഉണരാത്ത ഇരുളി‌െൻറ മഹാനിദ്രയിലേക്ക് രഘുവരൻ നടന്നുപോയത്.തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയമായ റോളുകളിൽ അഭിനയിച്ചു. ‘അശോക‘യാണ് ഏറ്റവുമൊടുവിൽ അഭിനയിച്ച ഹിന്ദി ചിത്രം. ദൈവത്തിെൻറ വികൃതികൾ, മനിതൻ, മുത്തു, ശിവാജി, ഭീമ, ബാഷ, അമർക്കളം, ഉല്ലാസം, സൂര്യമാനസം, കവചം, മുതൽവൻ, മജ്‌നു, റൺ, റെഡ് തുടങ്ങി വിവിധ ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച രഘുവരൻ ‘തുടക്കം‘ എന്ന തമിഴ് ചിത്രത്തിനായി മുൻ രാഷ്‌ട്രപതി എ.പി. ജെ. അബ്‌ദുൽകലാമിെൻറ വേഷവുമണിഞ്ഞു.

MORE IN ENTERTAINMENT
SHOW MORE