സാവിത്രിക്ക് സാരി നെയ്തത് 100 നെയ്ത്തുകാർ; അതും ഒന്നരവർഷമെടുത്ത്..!

തെന്നിന്ത്യന്‍ താരറാണിയായിരുന്ന കൊമ്മാ റെഡ്ഢി സാവിത്രിയുടെ ജീവിതകഥ പറയുന്ന തമിഴ് ചിത്രം മഹാനടി (നടിഗര്‍ തിലകം) റിലീസിന് തയാറെടുത്തു. സാവിത്രിയായി എത്തുന്നത് മലയാളിതാരം കീർത്തി സുരേഷാണ്. 

സിനിമയ്‌ക്ക് വേണ്ടി കീര്‍ത്തിയുടെ വസ്‌ത്രാലങ്കാരം നിർവഹിക്കുന്നത് ഇന്ദ്രാണി പട്‌നായികാണ്. ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ ഗൗരംഗുമായി  നടത്തിയ കൂടിയാലോചനയ്‌ക്ക് ശേഷമാണ് പ്രത്യേകതരം സാരികള്‍ ഒരുക്കിയത്. 100 നെയ്ത്തുകാര്‍ ഒന്നര വര്‍ഷമെടുത്താണ് കീര്‍ത്തിക്കു വേണ്ടിയുള്ള സാരികള്‍ ഒരുക്കിയിരിക്കുന്നത്.

മംഗള്‍ഗിരി, കോട്ട, കൈത്തറി, ഷിഫോണ്‍ തുടങ്ങിയ എല്ലാത്തരം സാരികളും സിനിമയിൽ ഉപയോഗിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും സാവിത്രിയമ്മയുടെ ജീവിതം നന്നായി പഠിച്ചുമാണ് ഓരോ സാരിയും തയ്യാറാക്കിയിരിക്കുന്നതെന്ന് പട്‌നായിക് പറയുന്നു.

പതിനഞ്ചാം വയസില്‍ അഭിനയ രംഗത്തെത്തിയ സാവിത്രി  മുപ്പത് വര്‍ഷം തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്നിരുന്നു. 1981ല്‍ നാല്‍പ്പത്തിയഞ്ചാമത്തെ വയസിലാണ് സാവിത്രിയുടെ മരണം. ചില നിഗൂഢതകള്‍ നിറഞ്ഞ കഥയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.  ചിത്രത്തിൽ സ്വപ്നസുന്ദരി സാവിത്രിയായി കീർത്തി മാറുമ്പോൾ കാതൽമന്നൻ ജെമിനി ഗണേശനായി വേഷമിടുന്നത് മലയാളത്തിന്‍റെ തന്നെ ദുൽഖർ സൽമാനാണ്.