mammootty-jail

ജയിലഴികള്‍ക്കുള്ളിലെ വികാരവിക്ഷോഭങ്ങളില്‍ കണ്ഠമിടറി, കണ്ണുനിറഞ്ഞ് മമ്മൂട്ടി. മലയാളികാഴ്ചക്കാര്‍ക്ക് അതൊരു നിറകണ്‍കാഴ്ച തന്നെ. തിരിഞ്ഞുനോക്കുമ്പോൾ അത്രമേല്‍ ഭാവസമ്പന്നമാണ് മമ്മൂട്ടിയുടെ ജയില്‍പതിപ്പുകള്‍. ജയിലിന്റെ ഇരുട്ടറകളിലെ കണ്ണീരായി മാത്രമല്ല, അവിടെ പ്രണയമായും ചിരിയായും വേദനയായും പരുക്കനായും പാവമായും മമ്മൂട്ടി പലഭാവങ്ങളില്‍ നിറയുന്നു. പരോളില്‍ മമ്മൂട്ടി വീണ്ടും ജയില്‍കഥാപാത്രമാകുമ്പോള്‍ ആരാധകരുടെ ഓര്‍മകളില്‍ വികാരവേലിയേറ്റമായി ആ കഥാപാത്രങ്ങള്‍ തിരിച്ചെത്തുന്നു. ട്രോളുകളായും വാട്സാപ്പ് സ്റ്റാറ്റസുകളായും അവര്‍ അത് ആഘോഷമാക്കുന്നു.  ജയിലറകളിലെ മമ്മൂട്ടി കഥാപാത്രങ്ങളെല്ലാം പിന്നീട് മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തിയത് സ്വർണലിപികളിൽ. സ്വാന്ത്ര്യത്തിന്റെ നിഷേധത്തിലും അഭിനയത്തിന്റെ ആകാശത്ത് വിരാജിച്ച ആ മമ്മൂട്ടി കഥാപാത്രങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണം ഇതാ.

kauravar-one

ചരിത്രത്തിലേക്ക് നടന്ന ഒരു യാത്ര. ബാലുമഹേന്ദ്ര തിരക്കഥയും സംവിധാനവും നിർവഹിച്ച യാത്ര(1985) എന്ന ചിത്രത്തിൽ തടവറയിലെ വിലങ്ങിട്ട ജീവിതവുമായി മമ്മൂട്ടിയെത്തി. പ്രേക്ഷകന്റെ കണ്ണീരിനൊപ്പം മനോഹര പ്രണയകഥ കൂടി സമ്മാനിച്ചു യാത്ര. മമ്മൂട്ടി–ശോഭന ഇഴപ്പൊരുത്തത്തിന്റെ വേറിട്ട ഉദാഹരമണമായി ആ ചിത്രം. അടിയന്തരാവസ്ഥക്കാലത്ത് പൊലീസും ജയിൽ അധിതകൃതരും നടത്തിയ മനുഷ്യാവകാശലംഘനങ്ങളുടെ കല്പിത കഥയായിരുന്നു യാത്ര പങ്കുവച്ചത്. മമ്മൂട്ടിയുടെ നടന് എറെ വെല്ലുവിളിയുയർത്തിയ വേഷം തികച്ചും കയ്യടക്കത്തോടെ അദ്ദേഹം മനോഹരമാക്കി. മമ്മൂട്ടിയുടെ കരയിപ്പിച്ച ഈ ജയില്‍ വേഷം അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി ഇന്നും എണ്ണപ്പെടുന്നു.

mathilukal

അതേ വർഷം തന്നെ ജോഷിയൊരുക്കിയ നിറക്കൂട്ടിലൂടെ മറ്റൊരു ഗംഭീരവേഷവും മമ്മൂട്ടി അനശ്വരമാക്കി. ‘മേഴ്സി, അവൾ എന്റെ എല്ലാമായിരുന്നു’ എന്ന് ഇടറിയ ശബ്ദത്തോടെ രവിവർമ പറഞ്ഞത് ഇന്നും മലയാളിയുടെ ഉള്ളിൽ മാറ്റാെലി കൊള്ളുന്നുണ്ട്. സുമലതയുടെയും മമ്മൂട്ടിയുെടയും കരിയറിൽ തന്നെ ശ്രദ്ധേയവേഷമായി നിറക്കൂട്ടിലെ കഥാപാത്രങ്ങൾ മാറി. പ്രണയവും പ്രതികാരവും കുടുംബവും എല്ലാം ഇഴചേരുമ്പോള്‍ നിറക്കൂട്ട് എല്ലാം തികഞ്ഞ ഒരു മമ്മൂട്ടിച്ചിത്രമായി. തല മുണ്ഡനം ചെയ്തുള്ള മമ്മൂട്ടിയുടെ ഭാവപ്പകര്‍ച്ചയും കയ്യടിനേടി. 

മെഗാസ്റ്റാർ എന്ന വിണ്ണിലേക്ക് മമ്മൂട്ടി കാലെടുത്തുവയ്ക്കുന്നതിന് അരങ്ങായ ചിത്രങ്ങളിലൊന്നാണ്  ന്യൂഡൽഹി. 1987ൽ ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ജോഷിയൊരുക്കിയ ചിത്രം എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്. ജി.കെ. കഥാപാത്രമായി മമ്മൂട്ടി ജീവിച്ചപ്പോൾ അതിന് അരങ്ങായത് ജയിലറകളായിരുന്നു. നേരിനെ നേരായി പറയാൻ ശ്രമിച്ചതിന്റെ പേരിൽ ജീവിതംകൈവിട്ടുപോകുന്ന ജി.കെയുടെ പ്രതികാരകഥയിൽ മമ്മൂട്ടി എന്ന നടന്‍ തന്‍റെ താരമൂല്യത്തെ പടുത്തുനിര്‍ത്തി. ബോക്സോഫിൽ കോടികളുടെ കിലുക്കമാണ് ന്യൂഡൽഹി തീർത്തത്. അക്കാലത്ത് മമ്മൂട്ടിയെ എഴുതിത്തള്ളിയ വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ചിത്രം. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഒളിമിന്നലുകള്‍ വരെ തീര്‍ത്ത ചിത്രം ഇന്നും മലയാളത്തിലെ മുഖ്യധാരാസിനിമയില്‍ ക്ലാസിക്കായി വാഴ്ത്തപ്പെടുന്നു. 

bhoothakkannadi

1989ല്‍ മതിലുകള്‍ എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയിലൂടെ മമ്മൂട്ടി എന്ന നടന്‍റെ പുതിയ ജയില്‍പകര്‍ച്ച മലയാളി കണ്ടു. മലയാളി വായിച്ചറിഞ്ഞ വൈക്കം മുഹമ്മദ് ബഷീറിനെ തിരശ്ശീലയില്‍ മറ്റൊരനുഭവമാക്കി മമ്മൂട്ടി. പ്രണയം മൊഴിയുന്ന ജയില്‍ അന്തേവാസിയെന്നത് ലോകസിനിമയിലും സാഹിത്യത്തിലും തന്നെ അപൂര്‍വമായിരുന്നു. മതിലുകള്‍ക്കപ്പുറത്തെ പെണ്‍ശബ്ദത്തെ പ്രണയിക്കുന്ന, മോഹിക്കുന്ന ബഷീറിന്‍റെ ഭാവം മമ്മൂട്ടിയില്‍ ഭദ്രമായി. ഒടുവിൽ ജയിൽമോചിതനാകുമ്പോൾ ‘ഹു വാണ്ട്സ് ഫ്രീഡം’ എന്ന് ചേദിച്ച ആ കാമുകനെ മലയാളി എങ്ങനെ മറക്കും. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. 

mathilukal-one

സത്യൻ അന്തിക്കാടിന്റെ സംവിധാനം ചെയ്ത അർഥം മറ്റൊരു ജനപ്രിയ ജയില്‍ക്കഥ. 

1992ൽ കൗരവറിലൂടെ ആ വിജയ ചരിത്രം വീണ്ടും ആവർത്തിച്ചു. പൗരുഷത്തിന്റെ മാസ് രൂപമായി ആന്റണിയെന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി വീണ്ടും അമ്പരപ്പിച്ചു. ലോഹിതദാസിന്റെ രചനയിൽ ജോഷിയൊരുക്കിയ കൗരവര്‍ നീറുന്ന ഓര്‍മയാണ് ഇന്നും.  എഴുത്തിന്റെ ലോകത്ത് വിസ്മയമൊരുക്കിയ ലോഹിയുടെ ആദ്യ സംവിധാന സംരംഭത്തിലും ജയിലറ കയറി മമ്മൂട്ടി. ഭൂതക്കണ്ണാടിയിലൂടെ സൂക്ഷ്മാഭിനയത്തിന്റെ ഭാവകണ്ണാടി ഉയര്‍ത്തി. ഭ്രമാത്മകമായൊരു ലോകം പുറത്തുണ്ടെന്ന് ജയിലിന്റെ വിടവിലൂടെ അയാൾ കണ്ടു. വിദ്യാധരൻ മാഷിന്റെ നൊമ്പരം അങ്ങനെ മലയാളിക്ക് തീരാസങ്കടമായി. എഴുത്തിന്റെ കരുത്തിനൊപ്പം അഭിനയത്തിന്റെ മേൻമയും സമംചാലിച്ചപ്പോൾ എക്കാലത്തും പാഠമാക്കാവുന്നതായി ഭൂതക്കണ്ണാടി ഇന്നും തെളിഞ്ഞുനിൽക്കുന്നു.

ഉള്ളുപ്പൊള്ളിച്ച ജയിൽകഥകൾ മാത്രമായിരുന്നില്ല. ചിരിയുടെ അമിട്ടിന് തിരികൊളുത്തിയ മായാജാലക്കാരനായും അഭിനയത്തിന്‍റെ ഈ മായാവി തിളങ്ങി. ചിരിക്കൂട്ടിന്റെ ചേരുവയായി ഷാഫി സംവിധാനം ചെയ്ത മായാവി. ചിത്രത്തിലെ മഹിയെന്ന കഥാപാത്രം അത്രകണ്ട് മലയാളിയെ രസിപ്പിച്ചു. ജയിലറകളിൽ നാം കണ്ട മമ്മൂട്ടിയായിരുന്നില്ല മായാവിയിൽ. ചിരിയുടെ ആവേശം തീരുംമുൻപെയെത്തി മുന്നറിയിപ്പ്. എറെ വ്യത്യസ്ഥമായൊരു കഥയ്ക്ക് വേറിട്ടൊരു ആവിഷ്കാരമൊരുക്കിയ ചിത്രമായിരുന്നു വേണു സംവിധാനം ചെയ്ത മുന്നറിപ്പ്. നിരൂപകപ്രശംസ ഏറെനേടിയ ചിത്രം ഒരുപാട് ചർച്ചകൾക്കും തുടക്കമിട്ടു. സി.കെ.രാഘവന്റെ ജീവിതത്തിലൂടെ ജയിലറയിലെ മിന്നും പ്രകടനത്തിന്റെ കാലം കഴിഞ്ഞില്ലെന്ന മുന്നറിയിപ്പുകൂടിയായി അത്. ഇനിയുമുണ്ട് ചെറുതും വലുതുമായ ഏറെ ചിത്രങ്ങള്‍ ഈ ജയില്‍നിരയില്‍.

mammootty-parole

തീയറ്ററില്‍ പക്ഷേ ഇനി സഖാവിന്റെ ഉൗഴമാണ്. സഖാവ് അലക്സിന്റെ ഉൗഴം. ആരാധകർ ആകാംക്ഷയിലാണ്. പരോളിൽ എന്താണ് അയാൾ കരുതിവച്ചിരിക്കുന്നതെന്നറിയാൻ. ഒന്നുറപ്പിക്കാം, ചരിത്രത്തിന്റെ തനിയാവർത്തനങ്ങൾ മമ്മൂട്ടിയുടെ ജയില്‍വേഷങ്ങള്‍ പാലിക്കാറുണ്ട്. കാരണം ജയിലറകൾക്കുള്ളിൽ മറ്റാർക്കും നൽകാത്ത സ്വാതന്ത്ര്യം അയാൾക്ക് പ്രേക്ഷകൻ നൽകിയിട്ടുണ്ട്. എങ്ങനെ പകർന്നാടിയാലും തിയറ്ററിലെത്തുന്നവന് കണ്ടിരിക്കാനുള്ളത് അതിൽ കരുതിവയ്ക്കാൻ മമ്മൂട്ടി ശ്രമിക്കാറുണ്ട്. 

ഇതാ മറ്റൊരു ജയില്‍ കഥാപാത്രവുമായി പരോള്‍ എത്തിക്കഴിഞ്ഞു. കാത്തിരിക്കാം ഉള്ളുലയ്ക്കുന്ന ആ നിമിഷങ്ങള്‍ക്കായി.