'ഞാൻ എന്റെ ചുറ്റും നോക്കി, അപ്പോൾ കണ്ടത് സിനിമയാക്കി' സുഡാനിക്കാരൻ പറയുന്നു

sudani-from-nigeria
SHARE

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരുകൂട്ടം പച്ച മനുഷ്യരുടെ കഥ , അതാണ് സുഡാനി ഫ്രെം നൈജീരിയ. വൻതാരങ്ങളോ ചിരപരിചിതരായ അഭിനേതാക്കളോ ഇല്ല. എടുത്തു പറയാവുന്ന ഒരു പേര് സൗബിൻ ഷാഹിറിന്റേതു മാത്രം. ഇവിടെ സാധാരണ മനുഷ്യരാണ് കഥപറയുന്നത്. കഥയും കഥാപാത്രങ്ങളും ചേക്കേറിയത് കാണികളുടെ ഹൃദയത്തിലേക്കാണെന്നത് നിലവിലെ പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തം. ആദ്യസിനിമയിൽ തന്നെ താരനിരയില്ലാതെ വിജയമൊരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ സക്കരിയ. സുഡാനി ഫ്രെം നൈജീരിയയുടെ വിജയത്തിന് പിന്നിലുമുണ്ട് സിനിമ പോലെ തന്നെ മനോഹരമായ കഥകൾ. ആ വിജയകഥകൾ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സക്കരിയ

ഈ വിജയത്തിന് പിന്നിൽ...

ഇത് ഒരു ചെറിയ സിനിമയാണ്. ഈ സിനിമയുടെ കഥ ഞാൻ പറയുമ്പോൾ തന്നെ സുഡാനി ഫ്രെം നൈജീരിയയുടെ അണിയറ പ്രവർത്തകരായവർ പറഞ്ഞു. ഇതൊരു ചെറിയ സിനിമയാണ്.. നമുക്കെല്ലാവർക്കും ചേർന്ന് ഇതൊരു ചെറിയ സിനിമയായി തന്നെ രൂപപ്പെടുത്തിയെടുക്കാം. വലിയ താരനിരയൊന്നുമില്ലാതെ തന്നെ ഇത് നമുക്ക് ചെയ്യാനാകും. പക്ഷെ, കേരളത്തിലെ സിനിമാമേഖലയുടെ സ്ഥിതി അനുസരിച്ച് ആളുകളിലേക്കെത്തണമെങ്കിൽ സ്വാഭാവികമായും മാർക്കറ്റ് വാല്യൂ ഉള്ള ഒരു താരം വേണമല്ലോ. അതുകൊണ്ട് സൗബിന്‍ ഷാഹിറിനെ സമീപിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം  മജീദ് എന്ന കഥാപാത്രം ചെയ്യാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. സിനിമ എടുക്കുമ്പോള്‍ തന്ന ഈ സിനിമ തീയറ്ററിൽ കാണുന്നവരിൽ പകുതി പേർക്കു മാത്രമായിരിക്കും സിനിമ ഇഷ്ടമാകുക എന്ന് ഞങ്ങൾക്ക് മനസിലായിരുന്നു. പക്ഷെ, കണ്ട എല്ലാവരും പറയുന്നത് സിനിമ ഇഷ്ടമായി എന്നല്ല, മറിച്ച് സിനിമ അവരെ സ്പർശിച്ചു എന്നാണ്. അതില്‍ നിന്നും എന്താണോ ഈ സിനിമയിലൂടെ പ്രോക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ചത് അത് സാധിച്ചു എന്നറിഞ്ഞതിന്റെ അതിയായ സന്തോഷത്തിലാണ് എല്ലാവരും. ഈ സിനിമയ്ക്ക് ലഭിക്കുന്ന ഓരോ നല്ലവാക്കുകൾക്കും അർഹര്‍ ഇതിനുവേണ്ടി അശ്രാന്തം പരിശ്രമിച്ചവരാണ്.

താരപ്പൊലിമയില്ലാത്ത സിനിമ...

ഈ സിനിമയുടെ കഥാ പശ്ചാത്തലം ഒരുങ്ങുന്നത് എനിക്ക് ചുറ്റിലുമുള്ള ആളുകളിൽ നിന്നുമാണ്. മലപ്പുറം വളാഞ്ചേരിക്കടുത്തുള്ള പൂക്കാട്ടിരി എന്ന പ്രദേശമാണ് എന്റെ നാട്. അവിടെയുള്ള പല ജീവിതങ്ങളും തന്നെയാണ് എന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് മിഴിവേകിയത്. 

ഒന്നു കണ്ണുതുറന്നു നോക്കിയാൽ കാണുന്ന ഓരോ ജീവിതങ്ങളും ഓരോ കഥകളാണ്. അപ്പോൾ ഞാൻ തീരുമാനിച്ചു, എന്റെ സിനിമയിലേക്ക് അഭിനേതാക്കളെയല്ല, ജീവിക്കുന്നവരെയാണ് ആവശ്യം. അങ്ങനെയാണ് ഓരോ കഥാപാത്രത്തെയും കണ്ടെത്തുന്നത്. പലരും സിനിമയിലും നാടകത്തിലും എല്ലാം അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളവരാണ്. പലപ്പോഴും സാഹചര്യങ്ങൾ കൊണ്ട് സാധിക്കാറില്ല. ചിലരൊക്കെ നാടകത്തിൽ നേരത്തെ അഭിനയിച്ചിട്ടുള്ളവരാണ്. അവരെയെല്ലാം ഞാൻ വിളിച്ചു. അപ്പോൾ അവർക്ക് വലിയ സന്തോഷമായിരുന്നു. ഞാൻ വിളിച്ചതുകൊണ്ട്, എന്റെ വീട്ടിൽ ഒരു കല്യാണം നടക്കുമ്പോൾ അതൊന്ന് ഉഷാറാക്കണമെന്ന് ആഗ്രഹിച്ച് വന്നവരെ പോലെയായിരുന്നു പലരും വന്നത്. അവർ അഭിനയിക്കാൻ വരുന്നു എന്ന് കരുതിയല്ല വന്നത്. അങ്ങനെ എല്ലാവരും ചേർന്നപ്പോൾ അത് സിനിമയേക്കാൾ ഉപരി അത് നമ്മളിൽ പലരുടെയും ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാകുകയായിരുന്നു.

ഹൃദയം കീഴടക്കിയ ആ ഉമ്മമാർ...

സുഡാനി ഫ്രം നൈജീരിയയിൽ എന്നെ വ്യക്തിപരമായി അത്ഭുതപ്പെടുത്തിയത് രണ്ട് ഉമ്മമാരുടെ കഥാപാത്രങ്ങളാണ്. സരസയും സാവിത്രിയും. 1960 മുതൽ കേരളത്തിലെ നാടക വേദികളിലെ സജീവ സാന്നിധ്യമാണ് ഇവർ. രണ്ടുതവണ സംസ്ഥാന അവാർഡൊക്കെ ലഭിച്ചവരാണ്. പക്ഷെ, സിനിമാ ഫ്രെയിമിലേക്ക് എത്തുന്നത് ആദ്യമായാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത് അവരാണ്. ആ കഥാപാത്രങ്ങളെ കണ്ടെത്താനായിരുന്നു ഏറ്റവും ബുദ്ധിമുട്ട് നേരിട്ടതും. ബാക്കിയുള്ളവരൊക്കെ ഏതാണ്ട് എന്റെ മനസില്‍ രൂപമുണ്ടായിരുന്നു എങ്കിലും ഇവരെ എവിടെ നിന്ന് സംഘടിപ്പിക്കും എന്നത് വലിയൊരു ചോദ്യ ചിഹ്നമായിരുന്നു. എന്റെ സുഹൃത്തും നാടക പ്രവർത്തകനുമായ അബു വളയംകുളമാണ് ഇവരെ കണ്ടെത്താൻ സഹായിക്കുന്നത്. ഞാൻ അബുവിനോട് പറഞ്ഞു. ഇങ്ങനെ എനിക്ക് രണ്ടു കഥാപാത്രങ്ങളെ വേണം. എവിടെ നിന്നാണ് ഇവരെ കിട്ടുക? അപ്പോൾ അബു ഒരു ക്യാമറാ മാനേയും കൂട്ടി കോഴിക്കോടുള്ള നാടകനടിമാരെ പോയി കണ്ട് അവരോടു സംസാരിക്കുകയും ചെയ്തു. അങ്ങനെ മൂന്ന് ദിവസത്തോളമായി നിരവധി നാടക പ്രവർത്തകരെ പോയി കണ്ടു. എന്നിട്ട് കുറച്ചു വീഡിയോകള്‍ എന്നെ കൊണ്ടുവന്നു കാണിച്ചു. അതിൽ ഇവർ രണ്ടുപേരുടെയും വീഡിയോ എന്നെ കാണിച്ച് അബു തന്നെ പറഞ്ഞു. ഇവരാണ് നിന്റെ സിനിമയിലെ ആ ഉമ്മമാർ. നീ ഇവരെ എടുക്കണമെന്ന് പറഞ്ഞു. 

പക്ഷേ, അങ്ങനെ ഒറ്റയ്ക്ക് തീരുമാനിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് അവരെ ഒഡിഷൻ നടത്തി. അപ്പോൾ അവർ പറഞ്ഞു. ഇത് ഞങ്ങളെക്കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. ഞങ്ങളെ സിനിമയിൽ എടുത്ത് നിങ്ങളുടെ സിനിമ മോശമാക്കേണ്ടതില്ല എന്നൊക്കെ അവർ പറഞ്ഞു. അവസാനം എന്നാൽ പിന്നെ മലയാള സിനിമയിലെ തന്നെ ഏതെങ്കിലും ചിരപരിചിതരായ സ്ത്രീകളെ ആ കഥാപാത്രങ്ങളാക്കാമെന്നു ഞാനും കരുതി. പക്ഷെ, അപ്പോഴും അബു എന്നോടു പറ‍ഞ്ഞു. നീ എഴുതിയ സ്ക്രിപ്റ്റൊക്കെ അവർക്കു നൽകൂ. അതവർ‍ പഠിക്കട്ടെ. അതുപ്രകാരം ഞാൻ മനസ്സില്ലാ മനസ്സോടെയെങ്കിലും അവർക്ക് സ്ക്രിപ്റ്റ് നൽകി. അവർ മൂന്ന് ദിവസം കൊണ്ട് സ്ക്രിപ്റ്റ് പഠിച്ച്ു. പതുക്കെ പതുക്കെ അവരത് പഠിച്ചെന്നു കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി. എന്റെ കഥാപാത്രങ്ങൾ ഇവരിലുണ്ട്. പിന്നീട് നടന്ന ഷൂട്ടിംഗിന്റെ ഓരോ സമയത്തും നമ്മളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അവരുടെ ഓരോ ഭാവങ്ങളും. കഥാപാത്രത്തിന് ആവശ്യമായ എല്ലാ സ്വഭാവ സവിശേഷതകളും അവർ തന്നെ രൂപപ്പെടുത്തിയെടുത്തു. അതുകൊണ്ടു തന്നെ ഈ ചിത്രത്തിന്റെ വിജയത്തിലെ എല്ലാ ക്രഡഡിറ്റും അവർക്ക് അവകാശപ്പെട്ടതാണ്.

sudani-women

സൗബിന്‍ നായകനാകുന്നത്...

സൗബിനിലേക്ക് എത്തിയത് യാദൃശ്ചികമായി ആണ്. കാരണം സൗബിനെ അല്ല തുടക്കത്തിൽ നായകനാക്കാൻ തീരുമാനിച്ചിരുന്നത്. സാധാരണ നാട്ടിൻപുറത്തുകാരനായ അധികം വിദ്യാഭ്യാസമില്ലാത്ത ഒരാളായിരുന്നു എന്റെ മനസില്‍ ഉണ്ടായിരുന്നത്. ഫുട്ബോൾ മാത്രം മനസിലുള്ള ഒരു ക്ലബ് മാനേജർ. അതേസമയം തന്നെ ആഫ്രിക്കയിൽ നിന്നൊക്കെ കളിക്കാരെ കൊണ്ടുവരാ‍ൻ കഴിയുന്ന ഒരാളായിരിക്കണമെന്ന് നിർബന്ധമായിരുന്നു. ഫുട് ബോൾ മാത്രം മനസിലുള്ളവർക്ക് ഫുട്ബോൾ തന്നെയാണ് ഭാഷയും. പക്ഷെ, ഇംഗ്ലീഷ് ഒന്നും അറിയില്ലെങ്കിൽ പോലും അവരൊക്കെ കളിക്കാരോട് ഇംഗ്ലീഷിലൊക്കെ സംസാരിക്കും. അങ്ങനെയുള്ള ഒരാളാണ് മജീദ് എന്ന സൗബിൻ ചെയ്ത കഥാപാത്രം. അയാൾ നമ്മളിലൊരാളാണെന്ന തോന്നൽ കാണികളികളിൽ ഉണ്ടാവുകയും വേണം. പിന്നെ മാർക്കറ്റ് എന്നൊന്ന് പറഞ്ഞത് പ്രൊഡക്ഷൻ കമ്പനിയാണ്. മാർക്കറ്റ് മൂല്യവും ചിത്രത്തിന്റെ കഥാപാത്ര സവിശേഷതകളും ഒത്തുവരുന്ന ഒരാൾ സൗബിനാണെന്ന് പറഞ്ഞത് ഇ ഫോർ എന്റർടെയ്ൻമെന്റ്സിന്റെ സാരഥിയാണ്. അപ്പോൾ എനിക്കും ആ ആശയം സ്വീകാര്യമായി തോന്നി. അങ്ങനെയാണ് സൗബിനിൽ എത്തുന്നത്. അതൊരു നല്ല തീരുമാനമായിരുന്നു. സത്യത്തിൽ സൗബിൻ അഭിനയിക്കുകയായിരുന്നില്ല. ഫുട്ബോളിനെ നെഞ്ചിലേറ്റിയ തനി മലപ്പുറത്തുകാരൻ മജീദായി ജീവിക്കുകയായിരുന്നു. 

ആ നൈജീരിയൻ അതിഥി...

saubin

ഗൂഗിൾ വഴിയാണ് ആഫ്രിക്കക്കാരനായ സാമുവല്‍ അബിയോള റോബിന്‍സണിനെ കണ്ടെത്തുന്നത്. ഇവിടെ കളിക്കാൻ വരുന്ന ഏതെങ്കിലും ആളുകളിൽ അഭിനയിക്കാൻ കഴിവുള്ള ആരെങ്കിലും കാണുമെന്ന ധാരണയായിലായിരുന്നു മുന്നോട്ടു പോയത്. പക്ഷെ, അത് വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. അതുകൊണ്ടു തന്നെ പ്രൊഫഷണലായി പരിശീലനം നേടിയ ഒരാൾ തന്നെയാകണം ആ കഥാപാത്രം ചെയ്യുന്നതെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. അങ്ങനെ സോഷ്യൽ മീഡിയ വഴി തിരയുകയായിരുന്നു. അപ്പോഴാണ് സാമുവൽ റോബിൻസണിന്റെ ട്വിറ്റർ കാണുന്നത്. തുടർന്ന് സാമുവലിന്റെ പ്രൊഫൈൽ ‍ഞാൻ ടീമിനെ കാണിക്കുകയായിരുന്നു. അപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. പിന്നീട് ഒരു ഏജൻസി വഴി സാമുവലിനെ ബന്ധപ്പെടാനുള്ള നമ്പർ സംഘടിപ്പിക്കുകയും ഓണ്‍ലൈൻ ഒഡിഷൻ നടത്തുകയുമായിരുന്നു. അങ്ങനെയാണ് സാമുവലിനെ കണ്ടെത്തുന്നത്. 

ഫുട്ബോളും സിനിമയും...

ഫുട്ബോൾ ഉള്ളതുകൊണ്ട് സംഭവിച്ച ഒരു കഥയായതിനാലാണ് ഫുട്ബോൾ ഈ സിനിമയിലേക്ക് വരുന്നത്. അല്ലാതെ ഇതൊരു സ്പോർട്സ് സിനിമയൊന്നുമല്ല. മറിച്ച് ഒരു ഫാമിലി ഡ്രാമയാണ് സുഡാനി ഫ്രം നൈജീരിയ. കളികഴിഞ്ഞ് വീട്ടിലെത്തുമ്പോഴുണ്ടാകുന്ന അവസ്ഥകളാണ് കഥയിലെ മിക്ക സന്ദർഭങ്ങളിലും പറയാൻ ശ്രമിച്ചത്. ഫുട്ബോൾ ഈ സിനിമയിൽ അറിയാതെ കയറി വന്നതാണ്. കാരണം മലപ്പുറത്തുകാരന് കാൽപ്പന്തുകളിയൊരു ആഘോഷമാണ്. അവന്റെ ജീവിതത്തിന്റെ ഭാഗമാണ്. അത് സ്വാഭാവികമായും ഈ കഥയിലും വരുന്നു എന്നുമാത്രം. 

സക്കരിയയുടെ സിനിമാ സ്വപ്നം...

സിനിമാ സ്വപ്നം എന്നത് വളരെ മുൻപുതന്നെ മനസ്സിലുറച്ചു പോയതാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സിനിമയെടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. തെരുവു നാടകങ്ങളിലെല്ലാം അന്നുതന്നെ സജീവ സാന്നിധ്യമായിരുന്നു. നാട്ടിൽ തന്നെ സർഗാലയ എന്നൊരു നാടകഗ്രൂപ്പുണ്ട്. അതിൽ ഒരുപാട് നാടകങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെ ചെയ്തിരുന്നു. പ്ലസ് വണിന് പഠിക്കുമ്പോൾ തന്നെ ഷോട്ട് ഫിലിംസൊക്കെ ചെയ്തു. കോളെജ് കാലഘട്ടമായപ്പോൾ ഫിലിം ഫെസ്റ്റിവെലുകൾ പരിചയപ്പെട്ടു. അത് സിനിമയുമായി കൂടുതൽ അടുക്കാൻ സഹായകമായി. അങ്ങനെയാണ് സിനിമ എടുക്കണം എന്ന ആഗ്രഹത്തിലേക്ക് എത്തുന്നത്. പിന്നീട് കുറെ ഷോട്ട് ഫിലിംസ് ചെയ്യുകയും ചിലതിനൊക്കെ അവാർഡ് ലഭിക്കുകയും ചെയ്തു. അപ്പോൾ ഈ മേഖലയിൽ സ്ഥിരമായി എന്തുകൊണ്ട് നിന്നുകൂടാ എന്നുതോന്നി തുടങ്ങി. അന്നുമുതൽ സിനിമയെ അൽപം കൂടി സീരിയസ് ആയി കാണാൻ തുടങ്ങി. 

തീയറ്റർ ആർട്ടിസ്റ്റായി ആയിരുന്നു തുടക്കം. അതുകൊണ്ടു തന്നെ സംവിധാനത്തിനൊപ്പം അഭിനയവും കൊണ്ടുപോകാനാണ് താത്പര്യം. സിനിമയുമായി ബന്ധപ്പെട്ട് എപ്പോഴും നിൽക്കുക എന്നതാണ് സ്വപ്നം. ചിലപ്പോൾ അഭിനേതാവാകും, ചിലപ്പോള്‍ ലൈറ്റ് ഓപ്പറേറ്ററാകും,ചിലപ്പോൾ സംവിധായകനാകും അങ്ങനെ എപ്പോഴും നാടകവും സിനിമയുമായി ഇണങ്ങി നിൽക്കാനാണ് ആഗ്രഹം. 

MORE IN ENTERTAINMENT
SHOW MORE