'പെൺകുട്ടികളെ മോശമാക്കുന്നു'; ആര്യയുടെ ‘വിവാഹ’ ഷോയ്ക്കെതിരെ പരാതി, നോട്ടീസ്

നടൻ ആര്യയ്ക്കു ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ ‘എങ്ക വീട് മാപ്പിളൈ’ വീണ്ടും വിവാദത്തില്‍. പെൺകുട്ടികളെ മോശമാക്കി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഷോയ്ക്കെതിരെ സാമൂഹിക പ്രവർത്തക ജാനകി അമ്മാൾ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നൽകി. ഷോയുടെ സംപ്രേഷണം നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. സ്ത്രീകളെ കച്ചവടവത്കരിക്കുന്ന, സ്ത്രീ സ്വാതന്ത്ര്യത്തെ വികലമായി ചിത്രീകരിക്കുന്ന ഇത്തരം ഷോകൾ സംസ്കാരത്തിനു നിരക്കുന്നതല്ലെന്നും സ്ത്രീകൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ വിജയിച്ചു നിൽക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഷോകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും പരാതിയിൽ പറയുന്നു. ചാനലിനെതിരെ ക്രിമിനൽ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഏപ്രിൽ 1ന് കേസ് വീണ്ടും പരിഗണിക്കുമെന്നും  ചാനലിന് ഇത് സംബന്ധിച്ച് നോട്ടീസ് അയക്കാനും ജസ്റ്റിസ് എം.സത്യനാരായൺ,  ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 

റിയാലിറ്റി ഷോയുടെ ഭാഗമായി മത്സരാർത്ഥികളിൽ ഒരാളുടെ കുംഭകോണത്തെ വീട് സന്ദർശിക്കാൻ പോയ ആര്യയ്ക്ക്  വൻ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. വനിതാസംഘടനകൾ ഉയർത്തിയ പ്രതിഷേധം ശക്തമായതോടെ മത്സരാർത്ഥിയുടെ വീട് സന്ദർശിക്കാനുളള നീക്കത്തിൽ നിന്ന് ആര്യ അന്ന് പിൻമാറി. ആര്യയും സംഘവും ഷൂട്ട് മതിയാക്കി ചെന്നൈയിലേയ്ക്ക് മടങ്ങുകയായിരുന്നു. കളേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ലൗ ജിഹാദാണെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് നേതൃത്വവും രംഗത്തു വന്നിരുന്നു. 

നടി വരലക്ഷ്മി അതിഥിയായി എത്തിയ എപ്പിസോഡിലാണ് ലൗ ജിഹാദ് വിവാദം  ഉടലെടുത്തത്. ആര്യയുടെ യഥാർത്ഥ പേര് ജംഷാദ് എന്നാണ്. ആര്യ ഒരിക്കലും അങ്ങനെ പറയില്ല, എന്നാൽ ആവശ്യപ്പെട്ടാൽ മുസ്‌‌ലിം ആയ ആര്യയ്ക്ക് വേണ്ടി മതം മാറുമോ എന്ന ചോദ്യമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. മതം മാറില്ലെന്ന് ചിലർ ഉറപ്പിച്ചു പറഞ്ഞപ്പോൾ മറ്റ് ചിലർ സമ്മതം മൂളി. റിയാലാറ്റി ഷോയ്ക്ക് എതിരെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ അടക്കമുളളവർ രംഗത്തു വന്നിരുന്നു.

സമൂഹമാധ്യമങ്ങൾ വധുവിനെ തെരഞ്ഞെടുക്കാനുളള ആര്യയുടെ തീരുമാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.  ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളം കോളുകളും ആര്യയെ തേടിയെത്തിയതോടെ റിയാലിറ്റി ഷോ നടത്താൻ തീരുമാനിക്കുകയായിരുന്നു. ലഭിച്ച അപേക്ഷകളിൽ നിന്നും പതിനാറു പേരെ തെരഞ്ഞെടുത്തതിന് ശേഷമാണ് റിയിലാറ്റി ഷോ നടത്തുന്നത്.