ജയസൂര്യയെ സ്നേഹത്തോടെ ട്രോളി മമ്മൂട്ടി; വിഡിയോ

ജയസൂര്യയെ സ്നേഹപൂര്‍വം ട്രോളി മമ്മൂട്ടി. ആട് 2 വിന്റെ നൂറാം ദിവസത്തെ ആഘോഷ പരിപാടികൾക്കിടെയായിരുന്നു മമ്മൂട്ടിയുടെ സ്വതസിദ്ധമായ തമാശ. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. കുഞ്ഞച്ചനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ‘ജയസൂര്യ വന്നില്ലേ, ഞാൻ കണ്ടില്ലല്ലോ..’ എന്ന് മമ്മൂട്ടി പാതിചിരിയോടെ ചോദിച്ചത്. ഇൗ സമയം ജയസൂര്യ സദസ്സിലിരുന്ന് ജയസൂര്യ കൈപൊക്കി കാണിച്ചു. 

അപ്പോള്‍, മമ്മൂട്ടി ചോദിച്ചത് ആണ്‍വേഷത്തില്‍ തന്നെ അല്ലേ എന്നാണ്. ‘ഞാന്‍ കരുതി പെണ്‍വേഷത്തില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ആയിരിക്കുമെന്ന്’–മമ്മൂട്ടി പറഞ്ഞു. ഇത് സദസ്സില്‍ വലിയ ചിരി പടർത്തി.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തെക്കുറിച്ചാണ് മമ്മൂട്ടി പരാമർശിച്ചത്. പരിപാടിക്കും ചിത്രത്തിനായി മാറിയ ശരീര പ്രകൃതങ്ങളോടെയാണ് ജയസൂര്യ എത്തിയത്. നീട്ടിവളര്‍ത്തിയ നഖങ്ങളും ക്ലീന്‍ ഷേവാക്കിയ മുഖവുമെല്ലാം കണ്ടവരിലും കൗതുകമുണര്‍ത്തി. കാതുകുത്തി സാരിയുടുത്ത് ഗംഭീര മേക്കോവറിലാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. ചിത്രത്തിന്റെ ടീസർ പ്രക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.