മമ്മൂട്ടി സേതുരാമയ്യരായി അഞ്ചാമൂഴത്തിന്, സ്ഥിരീകരിച്ച് കെ.മധു

മസ്‌കത്ത്: സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ കെ മധു. തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന രണ്ട് ബ്രഹ്മാണ്ഡ സിനിമകളും നാല് ഭാഷകളിലായി ഒരുക്കുമെന്നും മധു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക ടൂറിസത്തെ കുറിച്ച് ഒരുക്കുന്ന മെഗാ പ്രൊജക്ടും അദ്ദേഹം മസ്‌കത്തില്‍ പ്രഖ്യാപിച്ചു.

ഒമാന്റെ ടൂറിസം, സംസ്‌കാരം, വികസനം എന്നിവ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്ററിയും ഇതില്‍ ഉള്‍പ്പെടും. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ മസ്‌കത്തില്‍ പൂര്‍ത്തിയാക്കിയതായും കെ മധു പറഞ്ഞു. സി ബി ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. സംവിധായകന്‍, നായകന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍ എന്നിവരെല്ലാം ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങളിലും ഒരുമിക്കുന്നത് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും മധു പറഞ്ഞു.

തിരുവിതാംകൂറിന്റെ ശില്‍പിയായ മാര്‍ത്താണ്ഡവര്‍മയെ പുതിയ കാലത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ചരിത്ര സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. റോബിന്‍ തിരുമനയാണ് തിരക്കഥ എഴുതുന്നത്. മാർത്താണ്ഡവര്‍മ: ദ കിംഗ് ഓഫ് ട്രാവന്‍കൂര്‍ എന്ന പേരിലാണ് സിനിമ പുറത്തിറങ്ങുക. കാര്‍ത്തികതിരുനാള്‍ രാജാവിന്റെ കഥകൂടി ചേര്‍ത്ത് രണ്ട് സിനിമകളാകും തിയേറ്ററുകളിലെത്തുക. ബാഹുബലിയിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ റാണ ദഗുബാട്ടിയാകും മാര്‍ത്താണ്ഡവര്‍മയായി വേഷമിടുന്നത്. 

കോടികള്‍ ചെലവ് വരുന്ന സിനിമയാകും ഇത്. റസൂല്‍ പൂക്കുട്ടിയാണ് സംഗീതം നിര്‍വഹിക്കുക. പീറ്റെര്‍ ഗെയ്ന്‍ ഫൈറ്റ് മാസ്റ്ററായും എത്തുമെന്നും മധു പറഞ്ഞു. 

അനില്‍ കുമാര്‍, റാഷിദ് അല്‍ ശബീബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.