പാര്‍വതിയുടെ ‘ഭര്‍ത്താവാകാന്‍’ ഭാര്യ സമ്മതിച്ചില്ല: ദിനേശ് പണിക്കര്‍

ഒരുകാലത്ത് മലയാള മനസിലെ യുവാക്കളുടെ നായികാ സങ്കൽപമായിരുന്നു നടി പാർവതി. അന്ന് തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. 1989 ല്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ’കിരീടം’ നിര്‍മ്മിച്ചത് ദിനേശ് പണിക്കരായിരുന്നു. അതിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കാനും സംവിധായകൻ ദിനേശ് പണിക്കരോടാവശ്യപ്പെട്ടു. 'കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..’ എന്ന ഗാനരംഗത്തില്‍ വിവാഹം കഴിച്ച് ഭാര്യയായ പാര്‍വതിയുടെ കൈ പിടിച്ച് നടന്നു നീങ്ങുന്ന രംഗമായിരുന്നു അത്. 

അന്ന് ഇക്കാര്യം താൻ ഭാര്യയോട് പറഞ്ഞു. പാർവതിയുടെ ഭർത്താവായി അഭിനയിക്കാൻ ചാൻസ് ലഭിച്ചുവെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഭാര്യയ്ക്ക് അത് ശരിക്കും ഷോക്കായിരുന്നു. അവർ അതിൽ അഭിനയിക്കാൻ അനുവദിച്ചില്ല.  അങ്ങനെ ഭാര്യ സമ്മതിക്കാത്തതുകൊണ്ട് ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കണ്ടെത്തുകയായിരുന്നു. എനിക്കും സിനിമയിൽ അഭിനയിക്കാൻ ഭയമായിരുന്നുവെന്നതാണ് സത്യം. അത് സ്വന്തം സിനിമയിലാണെങ്കിൽ പോലും. അഭിനയിക്കാൻ അറിയില്ലെന്നാണ് ഞാൻ സ്വയം കരുതിയിരുന്നത്. പിന്നെ അന്ന് അവസരം നഷ്ടപ്പെട്ടതിൽ ഖേദമില്ല. കാരണം അതൊരു ചെറിയ വേഷമായിരുന്നു, ദിനേശ് പണിക്കർ ഒരു അഭിമുഖത്തിൽ പറഞ്ഞു.