ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ടൈറ്റാനിക്; പുതു ട്രെയിലറെത്തി

ലോകത്ത് എറ്റവും കൂടുതല്‍ ആളുകള്‍ കണ്ടിട്ടുള്ള ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയിലുണ്ടാകും ടൈറ്റാനിക്ക്. സിനിമാപ്രേമികളെ ഇന്നും വിസ്മയിപ്പിക്കുന്ന ചിത്രം വീണ്ടും തിയറ്ററുകളിലെത്തുകയാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ ചരിത്രമാകാന്‍ ഒരുങ്ങുകയാണ് ടൈറ്റാനിക്കിനിന്റെ റീ റിലീസ്. പഴകുംതോറും രുചിയേറുന്ന വീഞ്ഞ് പോലെയാണ് സിനിമാലോകത്ത് ടൈറ്റാനിക്ക്.

1997 ഡിസംബര്‍ 19നാണ് ലോകസിനിമാ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിചേര്‍ത്ത് ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്ക് അവതരിക്കുന്നത്. ആദ്യയാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ച് കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ ആ ദുരന്തത്തെ മനോഹരസിനിമയാക്കി കാമറൂണ്‍ വിസ്മയിപ്പിച്ചു. ആ അധ്വാനത്തിന് ഫലമായി 11 ഒാസ്കാര്‍ അവാര്‍ഡുകളാണ് ചിത്രത്തെ തേടിയതും. ലിയനാര്‍ഡോ ഡി കാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകത്തെ പണം വാരി ചിത്രങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ഇന്നും ടൈറ്റാനിക്ക്. ഒന്നാമത് ജെയിംസ് കാമറൂണിന്റെ തന്നെ അവതാറാണ്.

ടൈറ്റാനിക്കിന്റെ സംഗീതവും ചിത്രത്തിലെ പാട്ടും ഇന്നും മുങ്ങാത്ത ഒാര്‍മയായി ലോകത്ത് ഒഴുകിനടക്കുന്നു. റീ റിലീസിന്റെ ട്രയിലര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. 2ഡി, 3 ഡി പതിപ്പുകളില്‍ ചിത്രമെത്തുമെന്നാണ് സൂചന. കഥയും ഒാരോ സീനും പ്രേക്ഷകന് മനപാഠമാണെങ്കിലും എത്രതവണ കണ്ടാലും മതിവരാത്ത സിനിമാ-പ്രണയ വിസ്മയത്തിന്റെ രണ്ടാം വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.