സുധിയും മീനുക്കുട്ടിയും വീണ്ടും; പക്ഷേ സുധി മോഹന്‍ലാൽ അല്ല

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയകഥാപാത്രങ്ങളാണ് ഏയ് ഓട്ടോയിലെ സുധിയും മീനുക്കുട്ടിയും. സുന്ദരി സുന്ദരി ഒന്നൊരുങ്ങിവാ നാളെയാണ് താലിമംഗലം എന്ന ഗാനം ഒരിക്കൽ പോലും മൂളാത്ത ഒരു മലയാളിയും ഉണ്ടാകില്ലെന്നതാണ് സത്യം. മീനുക്കുട്ടിയും സുധിയും ഒരിക്കൽ കൂടി മലയാളികൾക്കു മുന്നിലേയ്ക്ക് എത്തുകയാണ് ഒന്നും ഒന്നും മൂന്നും എന്ന പരിപാടിയിലൂടെ.

മീനുക്കുട്ടിയായി തകർത്തഭിനയിച്ച രേഖയ്ക്കൊപ്പം പക്ഷേ സുധിയായി അഭിനയിച്ചത് മോഹൻലാലായിരുന്നില്ല. റിമിയുടെ ആവശ്യപ്രകാരം ഏയ് ഓട്ടോയിലെ 'എ,ഇ,ഐ,ഒ,യു' എന്ന ഗാനത്തിനൊപ്പം സുധിയായും മീനുക്കുട്ടിയായും ചുവടുകൾ വെച്ചത് ജഗദീഷും രേഖയും ചേർന്നായിരുന്നു.

സ്വതസിദ്ധമായ ശൈലിയിൽ പാട്ടും തമാശകളുമായി ജഗദീഷ് വേദിയെ ഇളക്കി മറിച്ചപ്പോള്‍ മലയാള സിനിമയിലെ മറക്കാനാവാത്ത ഓർമകൾ പങ്കുവച്ചു ഹിറ്റുസിനിമകളിലെ നായികയായ രേഖ. റാംജിറാവു സ്പീക്കിങ്, ഓയ് ഓട്ടോ, ദശരഥം തുടങ്ങിയ സിനിമകള്‍ ചെയ്യാൻ ലഭിച്ച ഭാഗ്യവും രേഖ ഓർത്തെടുത്തു.

രാഷ്ട്രീയത്തിൽ ഇറങ്ങിയ അനുഭവവും ജഗദീഷ് പങ്കുവച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിച്ചു പരാജയപ്പെട്ടെങ്കിലും തനിക്ക് ആരോടും പരിഭവമില്ലാത്തതുകൊണ്ട് ഹാപ്പിയാണെന്നും ജഗദീഷ് പറഞ്ഞു.