'നെടുമുടി വേണു നടത്തിയ മോഷണങ്ങള്‍'

nedumdui-venu-malayalam-actor
SHARE

പ്രേംനസീറിനെ ഒരിക്കല്‍ നെടുമുടി വേണു വെള്ളം കുടിപ്പിച്ചിട്ടുണ്ട്. ആ കഥ ഇങ്ങനെയാണ്. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ഫിലിം മാഗസീനിന്‍റെ ലേഖകനായ ആലപ്പുഴ നെടുമുടിക്കാരന്‍ കേശവന്‍ വേണുഗോപാല്‍  പ്രേംനസീറിനെ ഇന്‍റര്‍വ്യൂ ചെയ്യാന്‍  പോകുന്നു. ചോദ്യങ്ങളല്ല ആദ്യം അദ്ദേഹം തൊടുത്തത്. പ്രേംനസീറിന്‍റെ തന്നെ കുറേ ചിത്രങ്ങളാണ്.

ഇവ ഏതു സിനിമകളിലേതാണു എന്നു തിരിച്ചറിയാനാവുമോ എന്നായി പത്രപ്രവര്‍ത്തകന്‍റെ പിന്നാലെയുള്ള ചോദ്യം. നസീര്‍ സര്‍ ‘ക്ഷ’ ‘ണ്ണ’  വരച്ചു എന്നാണു പറയപ്പെടുന്നത്.പിന്നീട് ആലപ്പുഴ നെടുമുടിക്കാരന്‍ കേശവന്‍ വേണുഗോപാല്‍ സിനിമയില്‍ എത്തി നെടുമുടി വേണുവായി വളര്‍ന്നു. ഇന്നിപ്പോള്‍ ചലച്ചിത്രാഭിനയത്തിന്‍റെ നാലു പതിറ്റാണ്ട് അദ്ദേഹം പൂര്‍ത്തിയാക്കുന്നു. 500 ല്‍ പരം ഒന്നിനൊന്നു വ്യത്യസ്തമായ വേഷങ്ങളാണു അദ്ദേഹം നമ്മുടെ തിരശ്ശീലയ്ക്കു സമ്മാനിച്ചത്.

ഒരു പക്ഷെ ചലച്ചിത്രാഭിനയം തുടങ്ങിയ നിമിഷം തന്നെ നെടുമുടി പ്രേംനസീറിനോടു കാട്ടിയ കുസൃതി ഓര്‍ത്തിരിക്കാം. ഏതാണ്ടു ഒരേ കഥാപാത്രത്തെ ലഭിച്ചാലും ഒന്നു മറ്റൊന്നിന്‍റെ പകര്‍പ്പാവരുതെന്ന നിര്‍ബ്ബന്ധ ബുദ്ധി സൂക്ഷിച്ചിരിക്കാം. അതാവാം 1978 ല്‍ അരവിന്ദന്‍റെ തമ്പില്‍ അരങ്ങേറി 40 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തെ നാം വിസ്മയത്തോടെ കാണുന്നത്. അദ്ദേഹത്തിന്‍റെ അടുത്ത വേഷം കാത്തിരിക്കുന്നത്.

ഒരു വേഷം അണിയുമ്പോള്‍ നെടുമുടി അതങ്ങനെ തന്നെ പകര്‍ത്തുകയല്ല ചെയ്യുന്നത്. അതിനെ വ്യാഖ്യാനിക്കുകയാണ്. എഴുത്തുകാരനും സംവിധായകനും അനുവദിക്കുന്ന സ്വാതന്ത്ര്യത്തിനകത്തു നിന്നുകൊണ്ടു പിന്നെ ഈ നടന്‍ ആ കഥാപാത്രത്തെ മോഷ്ടിക്കുന്നു. തന്‍റേതുമാത്രമാക്കുന്നു.

nedumudi-venu-actor

എണ്‍പതുകളിലാണു നെടുമുടി വേണു ഇങ്ങനെ ഏറെ മോഷണങ്ങള്‍ നടത്തിയിട്ടുള്ളത്. മോഹന്‍, ഭരതന്‍, കെ.ജി. ജോര്‍ജ്ജ്, പത്മരാജന്‍ തുടങ്ങിയ നമ്മുടെ എക്കാലത്തെയും മികച്ച മധ്യവര്‍ത്തി സിനിമകളുടെ സംവിധായകരുടെയെല്ലാം വിജയങ്ങളില്‍ നെടുമുടി വേണുവിനു ചെറുതല്ലാത്ത പങ്കുണ്ട്. എം. ടി, ജോണ്‍പോള്‍, പത്മരാജന്‍ തുടങ്ങിയ തിരക്കഥാകൃത്തുക്കള്‍ അരങ്ങുവാണ കാലം കൂടിയാണത്. നെടുമുടി വേണുവും ഭരത് ഗോപിയുമാവും അക്കാലത്തു ആ എഴുത്തുകാരെ ഏറ്റവും പ്രചോദിപ്പിച്ചിട്ടുള്ള നടന്മാര്‍.

തങ്ങളുടെ പ്രതിച്ഛായ മിനുക്കാനല്ല, തങ്ങളിലെ നടന്‍റെ തീരാത്തദാഹം തീര്‍ക്കാനാണു ഇവര്‍ അവസരങ്ങളെ ഉപയോഗപ്പെടുത്തിയത്. നായകനായും അഴുകിയ മനസ്സുള്ള പ്രതിനായകനായും സ്ത്രീലമ്പടനായും ഒക്കെ ഇരുവരും പല ചിത്രങ്ങളിലും മല്‍സരിച്ചു അഭിനയിച്ചു. അതുകൊണ്ടു സിനിമയെ യഥാര്‍ത്ഥ ജീവിതത്തോടു ചേര്‍ത്തു നിര്‍ത്താന്‍ അന്നത്തെ ചലച്ചിത്രകാരന്മാര്‍ക്കായി. അക്കാലമാണു മലയാള സിനിമയുടെ ഏറ്റവും മഹത്തായ യുഗമെന്നു പലരും അടയാളപ്പെടുത്തുകയും ചെയ്യുന്നു. അതു നെടുമുടി വേണു ഭരത് ഗോപി യുഗം കൂടിയാണ്. 

actor-nedumudi-venu

അന്നു ഏറ്റവും വിപണിമൂല്യമുണ്ടായിരുന്ന നെടുമുടിക്കും ഭരത്ഗോപിക്കും എങ്ങനെ പ്രതിച്ഛായയെ തൃണവല്‍ഗണിക്കുന്ന വേഷങ്ങളണിയാനായി എന്നു ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. അതിനുത്തരം അവരുടെ നാടക പശ്ചാത്തലവും വായനയുമാണ്. അര്‍ത്ഥമുള്ള നാടകങ്ങളില്‍ നിന്നാണല്ലോ അവര്‍ സിനിമയിലെത്തുന്നത്. സാഹിത്യത്തെ കുറിച്ചും ഇരുവര്‍ക്കും നല്ല ധാരണയുണ്ട്. അതുകൊണ്ടു എഴുത്തുകാരന്‍റെയും സംവിധായകന്‍റെയും പ്രസക്തി അവര്‍ക്കറിയാനായി. അവര്‍ പ്രതിഭാശാലികളായ ചലച്ചിത്രകാരന്മാരെ ആദരിച്ചു. താനാണു ഏറ്റവും വലിയ പ്രതിഭയെന്നു കരുതുന്ന ഒരു നടനു എങ്ങനെ ചലച്ചിത്രകാരനിലെ പ്രതിഭയെ തിരിച്ചറിയാനാവും. 

ഈ തിരിച്ചറിവില്ലായ്മ കാരണം അയാള്‍ ഉപേക്ഷിക്കുന്ന മികച്ച വേഷങ്ങള്‍ക്കും എണ്ണം കാണില്ല. ഇതിനപ്പുറം നാടകത്തിലെ നടന്‍ തന്‍റെ കാണികള്‍ ആഗ്രഹിക്കുന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്. തന്‍റെ വേഷങ്ങളെ കാണികള്‍ക്കു പ്രിയപ്പെട്ടതാക്കുകയാണ്. നെടുമുടിയും ഭരത്ഗോപിയും ഒക്കെ ചെയ്തത് ഇതത്രെ. എണ്‍പതുകള്‍ക്കു ശേഷം വലിയ വേഷങ്ങള്‍ നെടുമുടി വേണുവിനെ തേടിയെത്തിയില്ല എന്നു പറയാം അതിനാല്‍ ശ്വാസം മുട്ടുന്ന പ്രതിഭയാവാം അദ്ദേഹം. 

സിനിമ താരത്തിന്‍റേതുമാത്രമായ കാലത്തു അതങ്ങനെയേ സംഭവിക്കൂ. എന്നാലും നടനജീവിതത്തില്‍ നെടുമ്പാത തന്നെ നെടുമുടി വേണുവിനു മുന്നില്‍ ബാക്കിയുണ്ട് എന്നു ഞാന്‍ വിചാരിക്കുന്നു. അദ്ദേഹത്തിന്‍റെ പ്രതിഭ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന ഒരു വേഷം വരും. അദ്ദേഹം നിറഞ്ഞാടും. പിന്നെ ലഭിക്കാതെ പോയ ആ പുരസ്കാരം അദ്ദേഹത്തെ വന്നു വിളിക്കും. അതെ ഭരത് അവാര്‍ഡ് ഒരിക്കലും അദ്ദേഹത്തെ തേടി എത്തിയില്ലല്ലോ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളായിട്ടും.പിന്നെ നെടുമുടിക്കു ഭരത് അവാര്‍ഡ് ലഭിക്കാതിരുന്നതു മഹാത്മാഗാന്ധിക്കു സമാധാനത്തിനും ടോള്‍സ്റ്റോയിക്കു സാഹിത്യത്തിനു നോബെല്‍ സമ്മാനം ലഭിക്കാതെ പോയതു പോലെയേ ഉള്ളൂ.

MORE IN ENTERTAINMENT
SHOW MORE