17,545 കോടി രൂപയില്‍ നിന്ന് ആസ്തി പൂജ്യത്തിലേക്ക്; സമ്പന്ന പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്

INDIA-ECONOMY-EDUCATION-TECHNOLOGY-AMAZON
SHARE

ചരിത്രത്തില്‍ ആദ്യമായി 200 ഇന്ത്യക്കാരെ ഉള്‍ക്കൊള്ളുന്ന ശതകോടീശ്വരന്‍മാരുടെ പട്ടികയാണ് ഫോബ്സ് മാസിക പ്രസിദ്ധീകരിച്ചത്. 2024 ല്‍ കൂടുതല്‍ ഇന്ത്യക്കാരെ ശതകോടീശ്വരന്‍മാരാക്കിയത് ഓഹരി വിപണിയുടെ കുതിപ്പാണ്. ഇവിടെ പട്ടികയിലെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നത് മലയാളിയും ബൈജൂസ് എന്ന എഡ്യുടെക് സ്റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകനായ ബൈജു രവീന്ദ്രനാണ്. ഒരു വര്‍ഷം മുന്‍പ് 17,545 കോടി രൂപ ആസ്തി ഉണ്ടായിരുന്ന ബൈജു രവീന്ദ്രന്‍റെ ആസ്തി നിലവില്‍ പൂജ്യം എന്നാണ് ഫോബ്സ് റിപ്പോര്‍ട്ട്. 

സ്റ്റാര്‍ട്ടപ്പ് സമീപകാലത്ത് നേരിട്ട കടുത്ത പ്രതിസന്ധികളാണ് ബൈജു രവീന്ദ്രന്‍റെ ആസ്തിയെയും ബാധിച്ചത്. 2022 ല്‍ 22 ബില്യണ്‍ യുഎസ് ഡോളറായിരുന്നു കമ്പനിയുടെ മൂല്യം. നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്റോക്ക് ബൈജൂസിന്‍റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേര്‍ണില്‍ തങ്ങളുടെ ഓഹരിയുടെ മൂല്യം 2024 ജനുവരിയില്‍ വെട്ടികുറച്ചിരുന്നു. ഇതുപ്രകാരം 1 ബില്യണ്‍ ഡോളറായിരുന്നു ബൈജൂസിന്റെ മൂല്യം. ഈ വര്‍ഷം പുറത്തുവിട്ട 2022 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം പ്രകാരം 1 ബില്യണ്‍ ഡോളറിലധികമാണ് കമ്പനിയുടെ നഷ്ടം. ഇക്കാരണങ്ങളാലാണ് ബൈജു രവീന്ദ്രന് ശതകോടീശ്വരന്‍ എന്ന സ്ഥാനം നഷ്ടമായത്. 

2011 ല്‍ സ്ഥാപിതമായ ബൈജൂസ് നിരവധി ഏറ്റെടുക്കല്‍ വഴി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളിലൊന്നായി വളര്‍ന്നിരുന്നു. ഇവിടെ നിന്ന് ഓഹരി ഉടമകള്‍ 2024 ഫെബ്രുവരിയില്‍ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തിന് നിന്ന് നീക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ഈ ആഴ്ച കമ്പനി 500 പേരെ പിരിച്ചു വിട്ടിരുന്നു. 2023 ഒക്ടോബറിൽ പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഇതുവരെ 2500–3000 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. അതോടൊപ്പം മാര്‍ച്ച് മാസത്തെ ശമ്പളം വൈകുമെന്ന് കഴിഞ്ഞ ദിവസം ബൈജൂസ് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ മുഴുവൻ ശമ്പളം ഇതുവരെ 75 ശതമാനം ജീവനക്കാർക്കും കിട്ടിയിട്ടില്ല.

ചൈനയില്‍ വന്‍കൊഴിഞ്ഞുപോക്ക്

169 ഇന്ത്യക്കാരായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ശതകോടീശ്വരന്‍മാരുെട പട്ടികയിലുണ്ടായിരുന്നത്. ഇപ്പോഴിത് 200 പേരായി ഉയര്‍ന്നു. 2024 ലെ ശതകോടീശ്വരന്‍മാരുടെ പട്ടിക പ്രകാരം 954 ബില്യണ്‍ ഡോളറാണ് ഇന്ത്യക്കാരുടെ ആകെ ആസ്തി. 2023 ല്‍ നിന്ന് 41 ശതമാനം വര്‍ധനവോടെ 675 ബില്യണ്‍ ഡോളറിലേക്കാണ് ആസ്തി ഉയര്‍ന്നത്. 

അതേസമയം 189 പേരാണ് 1 ബില്യണ്‍ ഡോളര്‍ എന്ന ബെഞ്ച്മാര്‍ക്കിന് താഴെ പോയി ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നിന്ന് പുറത്തായത്. ചൈനയില്‍ നിന്നാണ് കൂടുതല്‍ പേരും. 133 പേര്‍ക്ക് ശതകോടീശ്വരന്‍ പട്ടം നഷ്ടമായി. അമേരിക്കരായ എട്ട് പേര്‍ക്കും  ജപ്പാന്‍ ആറ്, റഷ്യ അഞ്ച് എന്നിവര്‍ക്കും ശതകോടീശ്വരപട്ടം നഷ്ടമായിട്ടുണ്ട്.

MORE IN BUSINESS
SHOW MORE