കടം കൊടുത്തത് 1,000 രൂപ; തിരിച്ച് നൽകിയത് 2 കോടിയുടെ ഓഹരി; ഞെട്ടിച്ച് 'നന്‍പന്‍'

v-vaidhyanathan-idfc-first-bank
SHARE

സുഹൃത്തുക്കൾക്കും അടുപ്പകാർക്കും ഓഹരികൾ സമ്മാനിക്കുന്ന രീതി ഐ.ഡി.എഫ്‌.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ വി. വൈദ്യനാഥൻ തുടരുകയാണ്. അഞ്ചുപേർക്കായി 5.5 കോടി രൂപ വിപണി മൂല്യം വരുന്ന ഏഴു ലക്ഷം ഓഹരികളാണ് സി.ഇ.ഒ ഇത്തവണ സമ്മാനിച്ചത്. ഇതിലൊരാൾ വൈദ്യനാഥന് വർഷങ്ങൾക്ക് മുൻപ് 1,000 രൂപ കടം നൽകിയ മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥാനാണ്. കടം തിരിച്ചു വീട്ടുന്നതിനായാണ് സമ്മാനം നൽകിയതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്‍റെ എക്സ്ചേഞ്ച് ഫയലിങ് പ്രകാരം, സമീർ മാത്രെക്ക് വീട് വെയ്ക്കുന്നതിന് 50,000 ഓഹരികളാണ് സമ്മാനിച്ചത്. സാമ്പത്തിക സുരക്ഷ എന്ന നിലയിൽ മായങ്ക് മൃണാൾ ഘോഷിന് 75,000 ഓഹരികള്‍ സമ്മാനിച്ചു. വിരമിച്ച എയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ സമ്പത്ത് കുമാറിന് മുതിർന്ന പൗരനുള്ള ചികിൽസ സഹായമെന്ന ആവശ്യത്തിലേക്ക് 2.50 ലക്ഷം ഓഹരികളാണ് കൈമാറിയത്. ഏകദേശം 2 കോടിക്ക് മുകളിലാണ് ഇതിന്റെ മൂല്യം. 

സമ്പത്ത് കുമാർ വർഷങ്ങൾക്ക് മുൻപ് വൈദ്യനാഥന് 1,000 രൂപ കടം നൽകിയിരുന്നു. എന്നാൽ ഇത് തിരിച്ചു നൽകുന്നതിന് മുൻപ് ഇരുവരും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. പത്രത്തിൽ വന്ന ലേഖനത്തിലൂടെയാണ് വൈദ്യനാഥൻ വീണ്ടും സമ്പത്ത് കുമാറിലേക്ക് എത്തുന്നതെന്ന് ദേശീയ മാധ്യമം റിപ്പേർട്ട് ചെയ്യുന്നു. കുമാറിന്‍റെ ചികിൽസയ്ക്കായാണ് 2.5 ലക്ഷം ഓഹരികൾ സമ്മാനിച്ചത്. ഇതിന് രണ്ട് കോടിയോളം രൂപ മൂല്യം വരും. വീട് വാങ്ങാൻ എ. കനോജിയയ്ക്ക് 2.75 ലക്ഷം ഓഹരികളും വൈദ്യനാഥന്റെ സുഹൃത്തായ മനോജ് സഹായ്ക്ക് 50,000 ഓഹരികളും ഇതോടൊപ്പം സമ്മാനിച്ചിട്ടുണ്ട്.

ഐ.ഡി.എഫ്‌.സി ഫസ്റ്റ് ബാങ്ക് എക്‌സ്‌ചേഞ്ചിൽ സമർപ്പിച്ച ഡാറ്റ പ്രകാരം മാർച്ച് 21 നാണ് അഞ്ചു പേർക്കും ഓഹരികൾ സമ്മാനിച്ചത്. അന്നത്തെ ക്ലോസിംഗ് വിലയായ 77.90 രൂപയെ അടിസ്ഥാനമാക്കി സമ്മാനത്തിൻറെ ആകെ മൂല്യം ഏകദേശം 5.45 കോടി രൂപയാണ്. വെള്ളിയാഴ്ച 78 രൂപയിലാണ് ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്. 

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ ഒരു ശതമാനം ഓഹരികൾ സ്വന്തമായുള്ള വി. വൈദ്യനാഥൻ നേരത്തെയും അടുപ്പക്കാര്‍ക്ക് ഓഹരികൾ സമ്മാനിച്ചിട്ടുണ്ട്. 40 ശതമാനം അഥവാ 80 കോടി രൂപയുടെ ഓഹരികളാണ് അദ്ദേഹം കൈമാറിയത്. 2022 ഫെബ്രുവരിയിൽ പരിശീലകൻ, വീട്ടുപരിചാരക, ഡ്രൈവർ എന്നിവരുൾപ്പെടെ അഞ്ച് വ്യക്തികൾക്ക് വീടുകൾ വാങ്ങാന്‍ സഹായിക്കുന്നതിന് 3.95 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ കൈമാറിയിരുന്നു.

IDFC First Bank CEO repay 1000 rupees loan with 2 crore worth share

MORE IN BUSINESS
SHOW MORE