തൊട്ടാല്‍ പൊള്ളും; കേരളത്തില്‍ സ്വര്‍ണത്തിന് തീ വില; സര്‍വകാല റെക്കോര്‍ഡ്

രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വലിയ വര്‍ധനവോടെ ചൊവ്വാഴ്ച കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല ഉയരത്തില്‍. പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയിലാണ്  സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,945 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ വില. ഇതുവരെ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2023 ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയെയാണ് മറികടന്നത്.

അമേരിക്കയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ പണപ്പെരുപ്പം പലിശ നിരക്ക് വെട്ടികുറക്കലിലേക്ക് കടക്കുമെന്ന പ്രതീക്ഷ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വില കുതിക്കുകയാണ്. ആഗോള വിപണിയില്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് വില എത്തിരുന്നു. ഇത് കേരള വിപണിയിലും സ്വര്‍ണ വിലയെ സ്വാധീനിച്ചു. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണം വ്യാപാരം തുടങ്ങിയത് തന്നെ വില വര്‍ധനവോടെയാണ്. ആദ്യ ദിവസം 240 രൂപ ഉയര്‍ന്ന് 46,320 രൂപയിലേക്ക് എത്തി. രണ്ടാം തീയതി 680 രൂപയുടെ വലിയ വര്‍ധനവോടെ 47,000 രൂപയിലേക്ക് സ്വര്‍ണ വില എത്തി. മറ്റ് രണ്ട് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ചൊവ്വാഴ്ചയിലെ വില വര്‍ധനവ്.

Gold Price In Kerala Hit All Time High