
വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്, സംസ്ഥാനത്തെ പ്രമുഖ പരമ്പരാഗത വെജിറ്റേറിയന്‍, സുഗന്ധവ്യഞ്ജന മിശ്രിത, റെഡി ടു കുക്ക് ബ്രാന്‍ഡായ ബ്രാഹ്‌മിന്‍സിനെ ഏറ്റെടുത്തു. പാക്കേജ്ഡ് ഫുഡ്സ് രംഗത്തെ അനിഷേധ്യ സാന്നിധ്യമായി മാറുന്ന തീരുമാനം കമ്പനി അധികൃതർ കൊച്ചിയിലാണ് പ്രഖ്യാപിച്ചത്.
കറി മസാലകളും, റെഡി ടു കുക്ക് ശ്രേണിയും വിപുലീകരിക്കുന്നതിനും കൂടുതല്‍ ഏകീകരിക്കുന്നതിനുമായി ബ്രാഹ്‌മിണ്‍സിനെ ഏറ്റെടുത്തതുവഴി ബിസിനസില്‍ വന്‍ വളര്‍ച്ചയാണ് വിപ്രോ ലക്ഷ്യമിടുന്നത്. ഭക്ഷ്യവ്യവസായത്തില്‍ വിപുലമായ വികസനത്തിന് ലക്ഷ്യമിടുന്ന വേളയിലെ തീരുമാനം ഏറെ ആവേശം പകരുന്നതാണെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഫുഡ്സ് ബിസിനസ് പ്രസിഡന്റ് അനില്‍ ചുഗ് പറഞ്ഞു.
വിപ്രോ കണ്‍സ്യൂമര്‍ കെയറിന്റെ ഫുഡ് ബിസിനസിന്റെ ഭാഗമാകുന്നതോടെ ബ്രാന്‍ഡ് ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ഉതകുന്ന വിഭവ സമാഹരണത്തിന് വഴിയൊരുക്കുമെന്ന് ബ്രാഹ്മിൻസ് എം.ഡി ശ്രീനാഥ് വിഷ്ണു പറഞ്ഞു. ഇതുവരെ നടത്തിയ പതിനാലാമത്തെ ബ്രാൻഡ് ഏറ്റെടുക്കലാണ് ബ്രാഹ്മിൻസിന്റേത്.