ചിറ്റിലപ്പിള്ളി സ്ക്വയർ വെൽനസ് പാർക്കും ഈവന്റ് ഹബ്ബും ഏപ്രിൽ മൂന്നിന് തുറക്കും

ചിറ്റിലപ്പിള്ളി സ്ക്വയർ വെൽനസ് പാർക്കും ഈവന്റ് ഹബ്ബും ഏപ്രിൽ മൂന്നിന് തുറക്കും. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ കീഴിലാണ് പുതിയ പദ്ധതി. കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ ഭാരത് മാതാ കോളേജിന് എതിർവശത്ത് 11 ഏക്കർ സ്ഥലത്താണ് പാർക്ക്‌ ഒരുക്കിയിരിക്കുന്നത്. 

നഗര തിരക്കുകളിൽ നിന്നും ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നും മാറി ഒരല്പനേരം ചിലവഴിക്കാൻ ഒരിടം. കൂടാതെ വെൽനസ് പാർക്ക്, ഇവന്റ് ഹബ് ഭക്ഷണശാല, എന്നിങ്ങനെയുള്ള സജ്ജീകരണങ്ങളും. ആരോഗ്യ സംരക്ഷണം, സാഹസികത,കായിക വിനോദം എന്നിവയാണ് പ്രധാനമായും വെല്ലസ് പാർക്കിൽ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക രീതിയിലുള്ള ഉപകരണങ്ങളോടുകൂടിയ ഓപ്പൺ ജിം. സമ്മർദ്ദം അകറ്റുക എന്ന ലക്ഷ്യത്തോടെ സ്വാഭാവിക രീതിയിൽ ശുദ്ധവായുശ്വസിക്കാവുന്ന വിധത്തിലുള്ള പ്രകൃതിസുന്ദരമായ ഉദ്യാനമാണ് മറ്റൊരു പ്രത്യേകത.

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഡബിൾ ലെവൽ റോപ് കോഴ്സ്, സിപ്പ്- ലൈൻ എന്നിവയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ആയി പ്രത്യേകം നീന്തൽ കുളങ്ങളും സജ്ജമാണ്. ഇവന്റ് ഹബിന്റെ മറ്റൊരു പ്രത്യേകത ആഘോഷങ്ങൾക്കും മീറ്റിങ്ങുകൾക്കും എല്ലാം സജ്ജമായ കൺവെൻഷൻ സെന്ററുകൾ ആണ്. കൂടാതെ ഓപ്പൺ ഏരിയയിൽ എക്സിബിഷനുകളും പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.