ട്വിറ്റര്‍ ഇന്ത്യയുടെ ഓഫീസിന് പൂട്ട്; ജോലി വീട്ടിലിരുന്നെന്ന് നിര്‍ദേശം

ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകള്‍ അടച്ചുപൂട്ടി. മുംബൈ, ഡല്‍ഹി ഓഫീസുകള്‍ക്കാണ് പൂട്ടുവീണത്. ഇന്ത്യയില്‍ മൂന്ന് ഓഫീസുകളാണ് ട്വിറ്ററിന് ആകെയുള്ളത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനി നിര്‍ദേശം നല്‍കി. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് പുതിയ നീക്കം

കഴിഞ്ഞ വര്‍ഷം അവസാനത്തോെട ഇന്ത്യയില്‍ 90 ശതമാനത്തിലധികം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിന് അന്നുണ്ടായിരുന്നത് ആകെ 200ലധികം ജീവനക്കാര്‍ മാത്രമാണ്. ഇലോണ്‍ മസ്ക് കമ്പനി ഏറ്റെടുത്തതോ‌ടെ പല രാജ്യങ്ങളിലും ഇത്തരത്തില്‍ പിരിച്ചുവിടുന്നതും ഓഫീസുകള്‍ പൂട്ടുന്നതുമുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിരുന്നു. ട്വിറ്ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഈ വര്‍ഷം അവസാനം വരെ സമയമെടുക്കുമെന്ന്് മസ്ക് അറിയിച്ചിരുന്നു.

തലപ്പത്തെ അഴിച്ചുപണിയോടെ മസ്ക് തുടങ്ങിയ മാറ്റങ്ങള്‍ വലിയ വിവാദങ്ങള്‍ നേരിട്ടവയാണ്. സി.ഇ.ഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ നാല് പ്രധാനപ്പെട്ട സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥരെ പിരി‌‌ച്ചുവിട്ടായിരുന്നു മാറ്റങ്ങളുടെ തുടക്കം. പിന്നീട് ജോലി സമയം വര്‍ദ്ധിപ്പിക്കുകയും ചെയ്‌തു. സമ്മര്‍ദത്തിലായ ജീവനക്കാരില്‍ പലരും രാജിവെച്ചു. അതിന് ശേഷമാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തി വീണ്ടും വിവാദത്തിന് തിരികൊളുത്തിയത്.