40 രാജ്യങ്ങളിലായി പടര്‍ന്ന് പന്തലിച്ചു; ഐബിഎസിന് രജതജൂബിലി

കേരളത്തില്‍ നിന്നുള്ള ആഗോള ഐ.ടി കമ്പനി ഐ.ബി.എസിന് ഇന്ന് രജതജൂബിലി. ലോകത്തെ പ്രമുഖ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങള്‍ ഇന്ന് ഐ.ബി.എസിന്‍റെ സോഫ്റ്റ് വെയര്‍ സേവനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ടെക്നോപാര്‍ക്കില്‍ 55 ജീവനക്കാരുമായി കിഴക്കമ്പലം സ്വദേശി വി.കെ.മാത്യൂസ് തുടങ്ങിയ കമ്പനിയാണ്  40 രാജ്യങ്ങളിലായി പടര്‍ന്ന് പന്തലിച്ചത്. രജതജൂബിലി ആഘോഷം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

എമിറേറ്റ്സ്, ഇത്തിഹാദ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ, ബ്രിട്ടീഷ് എയര്‍വേയ്സ് തുടങ്ങിയ വമ്പന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് പൊതുവായി ഒരു മലയാളി ബന്ധമുണ്ട്. അതാണ് ഐ.ബി.എസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി. ദിവസവും ലോകത്തെങ്ങും 6000 വിമാനസര്‍വീസുകളെ നിയന്ത്രിക്കുന്നത് ഐ.ബി.എസിന്‍റെ സോഫ്റ്റ് വെയറാണ്. കേരളത്തില്‍ മുതല്‍മുടക്കാന്‍ പലരും മടിച്ചു നിന്ന കാലത്താണ് വി.കെ.മാത്യൂസ് 1997ല്‍ ടെക്നോപാര്‍ക്കില്‍ ഐ.ബി.എസിന് തുടക്കമിടുന്നത്. 

എമിറേറ്റ്സില്‍ ജനറല്‍ മാനേജരായിരുന്നു വി.കെ.മാത്യൂസ്. അദ്ദേഹം തുടങ്ങിയ ഐ.ബി.എസിന് ഇന്ന് 3500 ജീവനക്കാരും 40 രാജ്യങ്ങളില്‍ സാന്നിധ്യവുമുണ്ട്. വ്യോമയാനമേഖലയിലെ മുന്‍നിര ഐ.ടി സേവനദാതാവായി. ചരക്കുവിമാനങ്ങളുടെ നിയന്ത്രണത്തിനുള്ള സോഫ്റ്റ് വെയര്‍ നല്‍കുന്നവരില്‍ ഒന്നാമത് ഐ.ബി.എസാണ്.  തുടക്കം മുതല്‍ ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ തന്നെ ഊന്നി മുന്നോട്ട് നീങ്ങിയതാണ് ഐ.ബി.എസിന്‍റെ വിജയരഹസ്യം.