ജുബ്ബലിലെ ആപ്പിള്‍ വിസ്മയം; രുചിക്കൊപ്പം ആരോഗ്യവും; ഫ്രം ഷിംലയുടെ കഥ

jubbal-apples
SHARE

ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ജുബ്ബല്‍ എന്ന ചെറുപട്ടണം. പരമ്പരാഗത ആപ്പിള്‍ കര്‍ഷകരുടെ മൂന്നാം തലമുറയില്‍പ്പെട്ട ഹിമാന്‍ഷു ഖാങ്ത, പ്രണവ് റാവത്ത് എന്നിവര്‍ ചേര്‍ന്ന് 2020 ജൂലൈയില്‍ ഡബ്ല്യു ഡബ്ല്യു ഡബ്ല്യു ഡോട്ട് ഫ്രം ഷിംല ഡോട്ട് കോം എന്ന പോര്‍ട്ടല്‍ ആരംഭിച്ചു. പ്രാദേശിക സമൂഹത്തെ കേന്ദ്രീകരിച്ച് കൃഷി, സംഗീതം ഗ്രാമീണ അനുഭവങ്ങള്‍ എന്നിവ സംയോജിപ്പിച്ചുള്ള ഒരു പ്ലാറ്റ്ഫോം ആയിരുന്നു അവരുടെ സ്വപ്നം. 

ഹിമാന്‍ഷു പ്രഫഷണല്‍ ഫോട്ടോഗ്രഫറും ഫിലിംമേക്കറുമാണ്. ഫ്രം ഷിംലയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ (from.shimla) കര്‍ഷകരുടെ ഒട്ടേറെ കഥകളുണ്ട്. ഈ വിഡിയോകള്‍ക്കെല്ലാം പിന്നില്‍ ഹിമാന്‍ഷുവാണ്. "ജൂലൈ മുതല്‍ നവംബര്‍ വരെ അഞ്ചുമാസം മാത്രമാണ് ഇന്ത്യയില്‍ ആപ്പിള്‍ വിളവെടുപ്പുകാലം. പിന്നെ എങ്ങനെയാണ് വര്‍ഷം മുഴുവന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ആപ്പിള്‍ ലഭിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?"ഹിമാന്‍ഷുവിന്റെ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. കോള്‍ഡ് സ്റ്റോറേജുകള്‍. "കോള്‍ഡ് സ്റ്റോറേജുകള്‍ ഭക്ഷണം പാഴാക്കുന്നത് തടയുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ സൂക്ഷിക്കുന്ന പഴങ്ങളും മറ്റും ഉപഭോക്താവിലേക്കെത്തുമ്പോള്‍ അതിലുള്ള പോഷകഗുണം മിക്കവാറും നഷ്ടമായിരിക്കും." ഹിമാന്‍ഷു പറയുന്നു.

apple-farmers

"കഴിക്കുന്നത് എന്താണെന്നും അവ എവിടെനിന്നാണ് എത്തുന്നതെന്നുമെല്ലാം ഉപഭോക്താക്കള്‍ കൂടുതല്‍ കൂടുതല്‍ ബോധവാന്മാരുന്ന കാലമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ മരങ്ങളില്‍ നിന്ന് പറിച്ചെടുത്ത ആപ്പിള്‍ നാലുമുതല്‍ ഏഴുദിവസത്തിനകം ആവശ്യക്കാരുടെ വാതില്‍പ്പടിയില്‍ എത്തിക്കുന്നത്. ഞങ്ങളുടെയും ഫ്രം ഷിംലയുടെ ഭാഗമായ സുഹൃത്തുക്കളുടെയും തോട്ടങ്ങളില്‍ നിന്നാണ് ഇവ എടുക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 6500 മുതല്‍ 8000 അടി വരെ ഉയരത്തില്‍ വളരുന്ന മരങ്ങളാണിവ." വിശാലമായ ആപ്പിള്‍ത്തോട്ടം ചൂണ്ടിക്കാട്ടി ഹിമാന്‍ഷു പറഞ്ഞു.

നാനൂറോളം ആപ്പിള്‍ ഇനങ്ങള്‍ ഹിമാചല്‍ പ്രദേശിലുണ്ട്. ഇതില്‍ 20 ഇനങ്ങളാണ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. റോയല്‍ ഡെലീഷ്യസ്, ഗോള്‍ഡന്‍ ഡെലീഷ്യസ്, റെഡ് ഗോള്‍ഡന്‍, റ്റൈഡ്മാന്‍, ഗാല തുടങ്ങിയവ പ്രശസ്തമാണ്. ഇവയ്ക്കെല്ലാം തനതായ രുചിവൈവിധ്യവുമുണ്ട്. "ഈ രുചിഭേദങ്ങളെല്ലാം ഇന്ത്യയില്‍ എല്ലായിടത്തുമുള്ള ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഷിംല ആപ്പിള്‍ എന്ന പേരില്‍ നിലവാരം കുറഞ്ഞ ആപ്പിളുകള്‍ വിപണിയിലെത്തുന്നത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതാണ്. ഞങ്ങള്‍ കൃഷി ചെയ്യുന്ന ആപ്പിളുകളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി കൃത്യമായ തിരഞ്ഞെടുപ്പ് നടത്താന്‍ അവരെ സജ്ജരാക്കുകയാണ് ഫ്രം ഷിംല ചെയ്യുന്നത് " സഹസ്ഥാപകനായ പ്രണവ് പറഞ്ഞു. 

കഴിഞ്ഞ രണ്ട് വിളവെടുപ്പുകാലത്തും ആന്‍ഡമാന്‍ നിക്കോബാര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ഫ്രം ഷിംല ആപ്പിളുകള്‍ എത്തിച്ചുനല്‍കി. ഉല്‍പ്പന്നത്തിന്റെ നിലവാരത്തിലും രുചിയിലും പുതുമയിലും ഉപഭോക്താക്കള്‍ അതീവസന്തുഷ്ടരാണെന്ന് ഹിമാന്‍ഷുവും പ്രണവും പറയുന്നു.

himachal-pradesh-apples

പ്രകൃതിദത്തവും പുനരുപയോഗത്തിലൂന്നിയുമുള്ള കൃഷിരീതികളില്‍ ഹിമാന്‍ഷു–പ്രണവ് ദ്വയം അതീവതല്‍പരരാണ്. മൂന്നുവര്‍ഷം മുന്‍പ് രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്ന ഓട്ടോഇമ്യൂണ്‍ രോഗം ബാധിച്ചപ്പോഴാണ് പ്രണവ് കഴിക്കുന്ന ഭക്ഷണം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. "രാസ കീടനാശിനികള്‍ ഉപയോഗിച്ചുള്ള കൃഷി മണ്ണ് നശിപ്പിക്കും. ആ മണ്ണില്‍ വളരുന്ന വിളകള്‍ രോഗമുണ്ടാക്കും. കവര്‍ ക്രോപ്പിങ് പോലെ മണ്ണ് സംരക്ഷണത്തിനുള്ള ഉപാധികളും സ്വാഭാവിക കൃഷിരീതികളും ഉപയോഗിച്ചപ്പോള്‍ മണ്ണിന്റെയും മരങ്ങളുടെയും ആരോഗ്യം മാത്രമല്ല പഴങ്ങളുടെ രുചിയും വര്‍ധിച്ചു." പ്രണവ് പറയുന്നു. കമാല്‍ ബാഗ് എന്ന തന്റെ തോട്ടത്തില്‍ പ്രണവ് സ്വീകരിച്ച കൃഷിരീതികള്‍ ഫ്രം ഷിംലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റ് കര്‍ഷകരും പിന്തുടര്‍ന്നു. 

ആപ്പിള്‍ വിതരണമാര്‍ഗങ്ങള്‍ സുഗമമായതോടെ ഹിമാന്‍ഷു ഫ്രം ഷിംലയുടെ മറ്റൊരു ദൗത്യം ഏറ്റെടുത്തു. കര്‍ഷകരെയും ഉപഭോക്താക്കളെയും ദൃശ്യങ്ങളിലൂടെ ബന്ധിപ്പിക്കുക. ഹിമാചലിലുള്ള സഞ്ചാരികള്‍ അധികമെത്തിയിട്ടില്ലാത്ത ഉള്‍നാടുകളുടെ കഥകള്‍ അവരിലേക്കെത്തിക്കുക. സുഖ്നന്ദ ഫാംസ് ഉടമ അക്ഷത് ചൗഹാനാണ് ഈ വിഡിയോ പ്രോജക്ടില്‍ ഹിമാന്‍ഷുവിനൊപ്പമുള്ളത്. 

പ്രാദേശിക സംഗീതത്തെ ഹിമാചലിന്റെ അതിരുകള്‍ക്കപ്പുറമെത്തിക്കുക എന്നതായിരുന്നു മറ്റൊരു സ്വപ്നം. ബാഗ്ധര്‍ ആപ്പിള്‍ത്തോട്ടത്തിന്റെ ഉടമയും സുഹൃത്തുമായ അക്ഷയ് കാല്‍ത്ത ഈ ചുമതല ഏറ്റെടുത്തു. ഒട്ടേറെ നാടോടി ഗാനങ്ങള്‍ ഇതിനുവേണ്ടി ചിത്രീകരിച്ച് റിലീസ് ചെയ്തു. അവയുടെ സൂക്ഷിപ്പും ഫ്രം ഷിംലയുടെ ബ്രാന്‍ഡിങ്ങും കൂടി അക്ഷയ് ചെയ്യുന്നു. 

shimla-apples

കാര്‍ഷിക ടൂറിസത്തിന്റെ സാധ്യതകളിലേക്കും വരും ദിവസങ്ങളില്‍ ഫ്രം ഷിംല പ്രവേശിക്കും. ടീമിന്റെ സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ചുമതലയുള്ള മാരിഷ ഛാജ്തയ്ക്ക് ടൂറിസം മേഖലയില്‍ വിപുലമായ അനുഭവപരിചയമുണ്‌്. യുവാക്കളുടെ ഈ ടീം ഹിമാചല്‍ പ്രദേശിന്റെ 'ആപ്പിള്‍ ബെല്‍റ്റി'ല്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവരാണ്. പല തരം ആപ്പിളുകള്‍ കൃഷി ചെയ്യുന്ന ഒട്ടേറെ കര്‍ഷകരും ഫാം ഉടമകളും ഇതിനകം ഫ്രം ഷിംലയുടെ ഭാഗമായിക്കഴിഞ്ഞു. സ്വന്തം വേരുകളില്‍ ഉറച്ചുനിന്നുകൊണ്ട് സുസ്ഥിരമായ പുരോഗതി ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഒപ്പം തലമുറകള്‍ പകര്‍ന്നുകിട്ടിയ അമൂല്യമായ സംസ്കാരത്തെ കാത്തുസൂക്ഷിക്കലും. www.fromshimla.com

Apple Wonder in Jubbal

MORE IN BUSINESS
SHOW MORE