തിരുവനന്തപുരം– ബെംഗളൂരു പറക്കാൻ 4668 രൂപ, കൊച്ചിയിൽനിന്ന് 1994; ലാഭത്തിന്മേൽ ചർച്ച

തിരുവനന്തപുരം വിമാനത്താവളം. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ

തിരുവനന്തപുരം/കൊച്ചി : ആഭ്യന്തര വിമാന യാത്രക്കാർക്ക് കൊച്ചിയാണോ കൂടുതൽ ലാഭം? കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നു‍ം ഹൈദരാബാദിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ താരതമ്യപ്പെടുത്തി ‘കൊച്ചിക്കാർ എത്ര ഭാഗ്യവാന്മാർ’ എന്ന തലക്കെട്ടിൽ മുൻ മന്ത്രി ടി.എം.തോമസ് ഐസക് എഴുതിയ കുറിപ്പിനെ അനുകൂലിച്ചും എതിർത്തും ചർച്ചകളുയരുന്നു. വിമാനത്താവള നടത്തിപ്പു ചുമതല അദാനിക്കു കൈമാറിയ ശേഷമാണ് തിരുവനന്തപുരത്ത് നിരക്കു വർധിച്ചതെന്നും കേരള സർക്കാരിന്റെ കീഴിലുള്ളതിനാലാണ് കൊച്ചിയിൽ നിരക്കു കുറവെന്നുമാണ് ഐസക്കിന്റെ വാദം. 

കൂടുതൽ ലഭ്യതയുണ്ടെങ്കിൽ വില കുറയുമെന്ന വിപണിയുടെ സ്വഭാവം മാത്രമാണു കൊച്ചിയിൽ നിന്നുള്ള കുറഞ്ഞ നിരക്കിനു പിന്നിലെന്ന് വ്യോമയാന രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നു. വിമാനത്താവള നടത്തിപ്പുകാർക്ക് യാത്രാനിരക്കുമായി ബന്ധമില്ല. നിരക്കു നിശ്ചയിക്കുന്നത് വിമാനക്കമ്പനികളാണ്. കുത്തക റൂട്ടുകളിൽ കമ്പനികൾ വൻ തോതിൽ നിരക്ക് ഈടാക്കും. ഐസക് ആക്ഷേപമുന്നയിച്ച തിരുവനന്തപുരം – ഹൈദരാബാദ് റൂട്ടിൽ നിലവിൽ ഇൻഡിഗോ മാത്രമാണ് നേരിട്ടു സർവീസ് നടത്തുന്നത്.

തിരുവനന്തപുരത്തെ അപേക്ഷിച്ച് കൊച്ചിയിൽനിന്നു രാജ്യത്തെ വിവിധ നഗരങ്ങളിലേക്കു കൂടുതൽ സർവീസും സീറ്റുമുണ്ട്. ഒന്നിലേറെ വിമാനക്കമ്പനികൾ സർവീസിനുള്ളപ്പോൾ മത്സരമുണ്ടാകും. സ്വാഭാവികമായും നിരക്കും കുറയും. കൊച്ചിയിൽനിന്നു ബെംഗളൂരുവിലേക്ക് ആഴ്ചയിൽ 100 സർവീസുകളുണ്ടെന്നു കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ)  അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഓരോ വിമാനത്തിലും ശരാശരി 180 സീറ്റുകൾ വീതം കണക്കാക്കിയാൽ കൊച്ചി–ബെംഗളൂരു സെക്ടറിലെ പ്രതിവാര സീറ്റുകളുടെ എണ്ണം 18,000. തിരുവനന്തപുരത്തുനിന്നുള്ള പ്രതിവാര ബെംഗളൂരു സർവീസ് 35. സീറ്റുകളുടെ എണ്ണം 6300 മാത്രം.

കൂടുതൽ വിമാന സർവീസ് ആകർഷിക്കാൻ വിമാനക്കമ്പനികൾക്ക് ലാൻഡിങ്, പാർക്കിങ് തുടങ്ങിയ നിരക്കുകളിൽ സിയാൽ ഇളവ് അനുവദിക്കാറുണ്ട്. പ്രവർത്തനച്ചെലവു കുറയുമ്പോൾ അതിന്റെ ഒരു വിഹിതം യാത്രക്കാർക്കു നിരക്കിളവായും ലഭിക്കും.

ഒക്ടോബർ 3ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്നു നേരിട്ടുള്ള വിമാനങ്ങളുടെ കുറഞ്ഞ നിരക്ക്

(ബുക്ക് ചെയ്യുന്ന തീയതിയും പ്ലാനും ബുക്കിങ് ഏജൻസികളും വ്യത്യാസപ്പെടുന്നതനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകാം)

∙ ന്യൂഡൽഹി: 10,945 (വിസ്താര), 8985 (വിസ്താര)

∙ മുംബൈ: 6348 (ഇൻഡിഗോ), 5727 (ഗോ ഫസ്റ്റ്)

∙ ബെംഗളൂരു: 4668 (ഇൻഡിഗോ), 1994 (ആകാശ എയർ)

∙ ചെന്നൈ: 4823 (ഇൻഡിഗോ), 4385 (ഇൻഡിഗോ)

∙ ഹൈദരാബാദ്: 8501 (ഇൻഡിഗോ), 5333 (ഇൻഡിഗോ)

∙ പുണെ: 5928 (ഇൻഡിഗോ), 6160 (ഇൻഡിഗോ)