ഫോഡിന്റെ ഫാക്ടറി ഏറ്റെടുക്കാൻ ടാറ്റ; ഒപ്പം ഗുജറാത്ത് സർക്കാരും

ഫോഡ് കാർ നിർമാണം അവസാനിപ്പിച്ച ഗുജറാത്ത് സാനന്ദിലെ ഫാക്ടറി ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് കരാറിലെത്തി. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും ഫോഡ് ഇന്ത്യയും ഗുജറാത്ത് സർക്കാരും ചേർന്ന ത്രികക്ഷി ധാരണാപത്രമാണ് ആദ്യഘട്ടമായി ഒപ്പുവച്ചത്. ടാറ്റയുടെ നേരത്തേ മുതലുള്ള പ്ലാന്റിനുസമീപത്താണ് ഫോഡിന്റെ പ്ലാന്റ്. 

ഫോഡ് പ്ലാന്റിലെ ജീവനക്കാരെയും നിബന്ധനകൾക്കു വിധേയമായി ടാറ്റ ഏറ്റെടുക്കും. ടാറ്റയുടെ കാറുകൾ നിർമിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തി 3 ലക്ഷം കാർ വാർഷിക ഉൽപാദനം നടത്താനാണ് ആദ്യ ഘട്ടത്തിൽ ശ്രമമെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു. വിദേശവിപണിയിലേക്ക് ഫോഡ് ഇവിടെ കാർ എൻജിൻ നിർമിക്കുന്നതു തുടരും. അതിനാവശ്യമായ സൗകര്യം ടാറ്റയിൽനിന്നു പാട്ടത്തിനെടുക്കും.