കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; റെക്കോർഡ് തകർച്ച; പ്രവാസികൾക്ക് നേട്ടം

ഇന്ത്യന്‍ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വിനിമയ നിരക്കിൽ റെക്കോർഡ് തകർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്.  ഡോളറിനെതിരെ 77 രൂപ 41 പൈസയായാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. യുക്രെയ്ൻ യുദ്ധവും എണ്ണവിലയുടെ കുതിപ്പുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇതോടെ പ്രവാസികൾക്കാണ് നേട്ടമുണ്ടായിരിക്കുന്നത്. നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ രൂപയ്ക്ക് വീണ്ടും കനത്ത ഇടിവ് വന്നതോടെ വിദേശ വിനിമയ ഇടപാടിൽ രൂപയ്ക്കെതിരെ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഗൾഫ് കറൻസികൾക്ക് ലഭിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഒരു സൗദി റിയാലിന് 20.64 രൂപയാണ് ഓൺലൈൻ നിരക്ക്. എക്സ്ചേഞ്ച്കളിൽ സൗദി റിയാലിന് 20.47 വരെ ലഭിക്കുന്നുണ്ട്. യുഎഇ ദിർഹം 21.09 രൂപ, ഒമാൻ റിയാൽ 201.37 രൂപ, ഖത്തർ റിയാലിന് 21.26 രൂപ, കുവൈത്ത് ദിനാറിന് 252.19 രൂപ, ബഹ്റൈൻ ദിനാറിന് 205.34 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വിനിമയ നിരക്ക്.

ഇന്ത്യയിലേക്കുള്ള പണമൊഴുക്കിൽ വർധനയുണ്ടായതായി ഗൾഫിലെ വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വ്യക്തമാക്കി. കുറച്ചു ദിവസങ്ങൾ കൂടി നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നത്.