ഡേറ്റിങ് ആപ് ഐലിന്റെ 76% ഓഹരി 91 കോടി രൂപയ്ക്ക് ഇൻഫോ എഡ്ജ് ഏറ്റെടുത്തു

മലയാളി സംരംഭകന്‍റെ ഡേറ്റിങ് ആപ്പായ ഐലില്‍ ഇന്‍ഫോ എഡ്ജ് 91 കോടി നിക്ഷേപിച്ചു. അരികെ എന്ന പേരില്‍ മലയാളികള്‍ക്കായി ഡേറ്റിങ് ആപ്പ് നടത്തുന്ന കമ്പനിയാണ് ഐല്‍. ഇൻഫോ എഡ്‌ജുമായുള്ള പങ്കാളിത്തത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഡേറ്റിങ് കമ്പനിയാവുകയാണ് ഐലിന്‍റെ ലക്ഷ്യം. 

കോച്ചി സ്വദേശിയായ ഏബല്‍ ജോസഫ് 2014ല്‍ ബെംഗളുരുവില്‍ സ്റ്റാര്‍ട്ട് അപ് സംരംഭമായി തുടങ്ങിയതാണ് ഐല്‍. ഡേറ്റിങ് ആപ്പിന്‍റെ വര്‍ധിക്കുന്ന ജനപ്രീതിയാണ് ഇന്‍ഫോ എഡ്ജിന്‍റെ നിക്ഷേപതീരുമാനത്തില്‍ പ്രതിഫലിക്കുന്നത്. ഐലിന്‍റെ 76 ശതമാനം ഓഹരി 91 കോടിരൂപയ്ക്ക് ഇന്‍ഫോ എഡ്ജ് ഏറ്റെടുത്തു. അവിവാഹിതര്‍ക്ക് സ്വതന്ത്രമായി കണ്ടുമുട്ടുന്നതിനും ബന്ധപ്പെടുന്നതിനുമുള്ള അവസരമൊരുക്കുകയാണ് ഐല്‍. മറ്റ് ഡേറ്റിങ് ആപ്പുകളില്‍ നിന്നുള്ള വ്യത്യാസമാണ് ഏലിന്‍റെ വിജയത്തിന് കാരണമെന്ന് ഏബല്‍ പറഞ്ഞു.

ഐല്‍ ഹിറ്റായി തുടങ്ങിയതോടെ മലയാളികള്‍ക്കായി അരികെ എന്ന പ്രാദേശിക ഡേറ്റിങ് ആപ്പും തുടങ്ങി. പിന്നാലെ തമിഴിന്‍ അന്‍പേ, തെലുങ്കില്‍ നീതോ എന്നീ ആപ്പുകളും. എല്ലാ ആപ്പുകളിലുമായി 70 ലക്ഷം അംഗങ്ങള്‍ ഐലിലുണ്ട്. രണ്ടുവര്‍ഷത്തിനിടെ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നൂറുശതമാനം വര്‍ധനയുണ്ടായി. ഇതോടെയാണ് ഇന്‍ഫോ എഡ്ജ് നിക്ഷേപസന്നദ്ധത പ്രകടിപ്പിച്ചത്. നൗക്രി ഡോട്ട് കോം, ജീവന്‍ സാഥി, 99 ഏക്കേഴ്സ് തുടങ്ങിയ പ്രമുഖ ഇന്‍റര്‍നെറ്റ് പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയാണ് ഇന്‍ഫോ എഡ്ജ്.