രാജ്യത്തെ ഞെട്ടിച്ച ചിത്ര‘കഥ’ വഴിത്തിരിവിൽ; ‘സ്വാമി’ കുടുങ്ങി; അടുത്ത ലക്ഷ്യം ചിത്ര

ഒരു ക്രൈംത്രില്ലർ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞതായിരുന്നു ചിത്ര രാമകൃഷ്ണൻ എന്ന സ്ത്രീയുടെ ജീവിതം. അടിമുടി ദുരൂഹത. നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മാനേജിങ് ഡയറക്ടറും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഇവരുടെ കൊടികുത്തിയ അഴിമതി അന്വേഷിച്ചപ്പോൾ ലഭിച്ചതാകട്ടെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ. 

2015 ൽ സെക്യൂരിറ്റീസ് ആൻ‍ഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്കു ഇ – മെയിലിൽ ഒരു പരാതി ലഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഓഹരി കൈമാറ്റ സംവിധാനമായ നാഷനൽ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള ഒരു സന്ദേശമായിരുന്നു അത്. ഈ പരാതിയ്ക്കു പിന്നിലെ നിജസ്ഥിതി അന്വേഷിച്ച സെബി ചെന്നെത്തിയത് കോടികളുടെ തട്ടിപ്പുകളുടെ കാണാപ്പുറങ്ങളിലേക്ക് . ചിത്ര രാമകൃഷ്ണ എന്ന സ്ത്രീ നടത്തിയ ദുരൂഹമായ ഇടപാടുകൾ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നതായിരുന്നു

ചിത്രയെ വര്‍ഷങ്ങളോളം 'അനുഗ്രഹിച്ച' അജ്ഞാതൻ 

സ്വാമീ, ഈ സ്ഥാപനം പ്രവർത്തിച്ചുപോരുന്നത് അങ്ങയുടെയും ‘ജി’യുടെയും അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ലക്ഷക്കണക്കിനു നിക്ഷേപകർ ഓഹരി വ്യാപാരത്തിന് ആശ്രയിക്കുന്ന നാഷനൽ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്ഇ) മേധാവിയായിരുന്നുകൊണ്ട് 2015 ഒക്ടോബർ 8ന് ചിത്ര രാമകൃഷ്ണ അജ്ഞാത വിലാസത്തിലേക്ക് അയച്ച ഇ മെയിലാണിത്! ഇതിൽ ചിത്ര പരാമർശിക്കുന്ന ‘ജി’ (G) മറ്റാരുമല്ല. ഓഹരിവിപണിയുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും, ഗുഡ്സ് കണ്ടെയ്നറുകൾ നിർമിക്കുന്ന കമ്പനിയിലെ 15 ലക്ഷം രൂപയെന്ന വാർഷിക ശമ്പള പാക്കേജിൽ നിന്ന് എൻഎസ്ഇയിലെ 4.21 കോടിയെന്ന കൂറ്റൻ പാക്കേജിലേക്കു മിന്നൽ വേഗത്തിൽ ചേക്കേറിയ ആനന്ദ് സുബ്രഹ്മണ്യൻ എന്ന ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസർ.

ആനന്ദ് സുബ്രഹ്മണ്യനെ എൻഎസ്ഇയുടെ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസറും മാനേജിങ് ഡയറക്ടറുടെ ഉപദേഷ്ടാവുമായി ചട്ടം ലംഘിച്ചു നിയമിക്കൽ, നികുതി വെട്ടിപ്പ്, ഹിമാലയത്തിലെ ഒരു സന്യാസിയുടെ താൽപര്യപ്രകാരം എൻഎസ്ഇയിൽ ക്രമേക്കടു നടത്തുകയും രഹസ്യ വിവരങ്ങൾ ചോർത്തി നൽകൽ... തുടങ്ങിയവയാണ് ചിത്രയ്ക്കെതിരായ അന്വേഷണത്തിൽ സെബി കണ്ടെത്തിയത്. അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി. 

4 വേദങ്ങളിൽ ഋഗ്, യജുർ, സാമ എന്നിവ ചേർത്തുള്ള ‘rigyajursama@outlook.com’ എന്ന ഇ മെയിൽ വിലാസത്തിൽനിന്നു സ്ഥിരമായി ചിത്രയുമായി ബന്ധപ്പെട്ടിരുന്ന ‘സ്വാമി’ ആര്?. ഗംഗാനദിക്കരയിൽ പരിചയപ്പെട്ട ഈ സന്യാസിയാണ് 20 വർഷമായി തന്നെ ഉപദേശിക്കുന്നതെന്നു ചിത്ര പറയുന്നുണ്ടെങ്കിലും ആ വാദം സെബി വിശ്വസിച്ചില്ല. ഇത്രയും വലിയൊരു സ്ഥാപനത്തെ വർഷങ്ങളോളം ‘റിമോട്ട് കൺട്രോളിലൂടെ’ വിദൂരത്തിരുന്നു നിയന്ത്രിച്ച ആ അജ്ഞാതൻ ആരാണ്? കമ്പനിയിലെ സകല ഉന്നതരുടെയും സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, ശമ്പളം എന്നിവ വരെ എംഡിയോട് ഉത്തരവിടാൻ കെൽപുള്ള ആ വ്യക്തി ആനന്ദ് സുബ്രഹ്മണ്യൻ തന്നെയായിരുന്നോ? അതോ മറ്റൊരാളോ? എൻഎസ്ഇയുടെ അതീവരഹസ്യസ്വഭാവമുള്ള രേഖകൾ ആരുടെ പക്കലൊക്കെ എത്തി? ഓഹരി രംഗവുമായി ബന്ധമില്ലാത്ത ആനന്ദിനെ ചിത്ര ഉപദേശകനായി നിയമിച്ച് കൂറ്റൻ ശമ്പളം നൽകിയതെന്തിന്? ‘സ്വാമി’യും ചിത്രയും തമ്മിലുള്ള മിക്ക ഇ മെയിൽ സംഭാഷണങ്ങളിലും ആനന്ദിനെ എന്തിനുൾപ്പെടുത്തി? കുഴപ്പിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി സെബി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികൾ തല പുകച്ചു. 

ഹിമാലയത്തിൽ വസിക്കുന്ന സന്യാസിക്ക് എൻഎസ്ഇയുടെ ബിസിനസിൽ എങ്ങനെയാണിത്ര അറിവെന്ന സംശയവും സെബി ഉയർത്തി. സുപ്രധാനമായ മിക്ക തീരുമാനങ്ങളുമെടുത്തിരുന്നത് ഈ അജ്ഞാതനാണെന്നു വ്യക്തം. എച്ച്ആർ മേധാവിയായ ചന്ദ്രശേഖർ മുഖർജിയെ സീനിയർ വൈസ് പ്രസിഡന്റായി നിയമിക്കാൻ നിർദേശിച്ചതും ഈ അജ്ഞാതൻ. 

എല്ലാ നിർദേശങ്ങളും അപ്പാടെ ചിത്ര അനുസരിച്ചു. 2015 സെപ്റ്റംബറിൽ ചിത്രയ്ക്ക് അജ്ഞാതൻ അയച്ച ഒരു മെയിൽ ഇങ്ങനെയാണ്-‘‘ സോം, ഈ ഭൂമിയിലെ ഒരു മനുഷ്യനായി മാറാൻ എനിക്കൊരു അവസരമുണ്ടായിരുന്നെങ്കിൽ കാഞ്ചനെയായിരിക്കും ഞാൻ തിരഞ്ഞെടുക്കുക.’’ കാഞ്ചൻ എന്ന് പരാമർശിക്കുന്നത് ആനന്ദിനെയാണ്. ഇതിനു മറുപടിയായി ചിത്ര അയച്ച മെയിലിലെ ഒരു വരി ഇങ്ങനെ–‘‘ഞാനെപ്പോഴും അങ്ങയെ കാണുന്നത് ജി (G–ആനന്ദ്)യിലൂടെയാണ്’’. 

ആനന്ദിനെയും അജ്ഞാതനായ സ്വാമിയെയും ചിത്ര ഒരേ തരത്തിലാണു കാണുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നതായി സെബി അവരുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചിത്രയുടെ ഫോണിൽനിന്ന് ഏറ്റവുമധികം വിളികൾ പോയത് ആനന്ദിനാണ്. എന്നിട്ടുമെന്തിനാണ് ഇത്തരമൊരു ഇ മെയിൽ സംഭാഷണമെന്നു സെബി ചോദിക്കുന്നു. അജ്ഞാതൻ ആനന്ദായിരുന്നെങ്കിൽ ചിത്ര എന്തുകൊണ്ട് അതു നിഷേധിക്കുന്നു. 

ഒടുവിൽ എല്ലാ ചോദ്യങ്ങൾക്കു ഉത്തരം കിട്ടി. കണക്കുകൂട്ടലുകൾ തെറ്റിയില്ല. ഹിമാലയത്തിലെ ആ യോഗി ആനന്ദ് സുബ്രഹ്മണ്യൻ തന്നെയെന്നു സിബിഐ കണ്ടെത്തി. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ ആനന്ദ് അറസ്റ്റിലായി. ഇനി അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം ചിത്ര. കൃത്യമായ തെളിവുകളുമായി അവർ ചിത്രയെ തേടിയെത്തും. ചിത്രകഥയുടെ പൂർണചിത്രം അപ്പോൾ അറിയാം.