മെമ്മറി ചിപ്പുകളുടെ ഡിമാൻഡ് ഉയർന്നു; വൻ ലാഭവർധന പ്രതീക്ഷിച്ച് സാംസങ്

പ്രവര്‍ത്തന ലാഭത്തില്‍ വര്‍ധന പ്രതീക്ഷിച്ച് ആഗോള ഇലക്ട്രോണിക്സ് ഭീമന്മാരായ സാംസങ്. ഡിസംബര്‍ 31ന് അവസാനിച്ച നാലാം പാദത്തില്‍ 52 ശതമാനത്തിന്‍റെ വര്‍ധനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മെമ്മറി ചിപ്പുകളുടെ ഉയര്‍ന്ന ഡിമാന്‍റാണ് ലാഭം ഉയരാന്‍ കാരണമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

വെള്ളിയാഴ്ച്ച പുറത്തുവന്ന പ്രാഥമിക കണക്കുകള്‍ പ്രകാരം സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 11.5 ദശലക്ഷം ഡോളറിന്‍റെ വര്‍ധനയാണ് സാംസങ് ഇലക്ട്രോണ്ക്സ് പ്രതീക്ഷിക്കുന്നത്. മുന്‍തവണത്തെ അപേക്ഷിച്ച് 52 ശതമാനം വര്‍ധന. കമ്പനിയുടെ വരുമാനം 23 ശതമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെര്‍വര്‍ മെമ്മറി ചിപ്പുകള്‍ക്കുള്ള ആവശ്യം കഴിഞ്ഞ മാസങ്ങളില്‍ കുത്തനെ ഉയര്‍ന്നിരുന്നു. ഇതോടൊപ്പം കരാര്‍ ചിപ്പ് ഉത്പാദനത്തില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനവുമാണ് കമ്പനിക്ക് ഗുണമായത്.

എന്നാല്‍ പ്രവര്‍ത്തന ലാഭത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരിയ കുറവുണ്ടെന്ന്   കണക്കുകള്‍ വ്യക്തമാക്കുന്നു. ജീവനക്കാരുടെ ബോണസ്, മൊബൈല്‍ ഫോണ്‍ വിഭാഗത്തിന്‍റെ മാര്‍ക്കറ്റിങ്ങ് ചെലവുകള്‍, പുതിയ ഡിസ്പ്ലേ പാനലുകളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവ ഈ പാദത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതാണ് പ്രതീക്ഷിച്ച ലാഭം കൈവരിക്കാതിരുന്നതിന്‍റെ കാരണമായി പറയുന്നത്. വിശദമായ കണക്കുകള്‍ കമ്പനി ഈ മാസം 27ന് പുറത്തുവിടും.