അഫ്ഗാൻ പ്രതിസന്ധി; ഇന്ത്യയിൽ ഡ്രൈ ഫ്രൂട്ട്സ് വില ഉയരുന്നു

അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി താലിബാന്‍ നിരോധിച്ചത് ഡ്രൈ ഫ്രൂട്ട്സ് വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകുന്നു. കുറഞ്ഞ ഇറക്കുമതി ചുങ്കം മാത്രം ഈടാക്കി ഇറക്കുമതി ചെയ്തിരുന്ന ഡ്രൈഫ്രൂട്ട്സിന്‍റെ വരവ് പൂര്‍ണമായി നിലച്ചു. ഇതോടെ ഈ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 15 ശതമാനം വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്

അഫ്ഗാനിസ്ഥാന്‍റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് ഉണങ്ങിയ പഴങ്ങളുടെ കയറ്റുമതി. അത്തിപ്പഴം, ഉണക്ക മുന്തിരി, പെരുങ്കായം എന്നിവയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതലായി കയറ്റി അയച്ചിരുന്നത്. ഇന്ത്യയിലേക്കുള്ള കയറ്റുമതി താലിബാന്‍ നിരോധിച്ചതോടെ ഈ ഉല്‍പ്പന്നങ്ങളുടെ വരവും നിലച്ചു. കഴി‍ഞ്ഞ വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്ത അത്തിപ്പഴത്തിന്റെ 99 ശതമാനവും വന്നത് അഫ്ഗാനില്‍ നിന്നാണ്. കുറഞ്ഞ അളവില്‍ ബദാമും പിസ്തയും ഇന്ത്യയിലേക്ക് അഫ്ഗാന്‍ കയറ്റി അയച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ കുറഞ്ഞ ഇറക്കുമതിതീരുവയാണ് ചുമത്തിയിരുന്നത്. അതുകൊണ്ട് തന്നെ താരതമ്യേന കുറഞ്ഞ നിരക്കില്‍ വ്യാപാരികള്‍ക്ക് ഇവ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാനായിരുന്നു. ഇറക്കുമതി തടസപ്പെട്ടതോടെ ഈ ഉല്‍പ്പന്നങ്ങളുടെ വില 10 മുതല്‍ 15 ശതമാനം വരെ കൂടാന്‍ സാധ്യതയുണ്ട്. തജികിസ്ഥാന്‍, ഉസ്ബെകിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഡ്രൈഫ്രൂട്ട്സ് ഉല്‍പാദനം നടക്കുന്നുണ്ടെങ്കിലും ഈ രാജ്യങ്ങളുമായി വ്യാപാരകരാര്‍ ഇല്ലാത്തതിനാല്‍ കുറഞ്ഞ തീരുവ നല്‍കി ഇറക്കുമതി സാധ്യമല്ല.