യൂട്യൂബിൽ നിന്ന് പ്രതിമാസം 7.41 ലക്ഷം വരെ; പുതിയ പ്രഖ്യാപനം; അറിയേണ്ടതെല്ലാം

കണ്ടന്റ് ക്രിയേറ്റർമാർക്ക് പുതിയ സന്തോഷവാർത്തയുമായി യൂട്യൂബ്. ജനപ്രിയ വിഡിയോകൾ നിർമിക്കുന്നതിന് പ്രതിമാസം 10,000 ഡോളർ വരെ (ഏകദേശം 7.41 ലക്ഷം രൂപ) നല്‍കുമെന്നാണ് പ്രഖ്യാപനം. 2021-2022 കാലയളവിൽ വിതരണത്തിനായി നീക്കിവച്ച 100 ദശലക്ഷം ഡോളർ ഫണ്ടിൽ നിന്നാണ് യൂട്യൂബ് ഷോർട്ട്സ് വിഡിയോ നിർമാതാക്കൾക്കും പണം നൽകാനുള്ള തീരുമാനം. 

എല്ലാ മാസവും ഈ ഫണ്ടിൽ നിന്ന് പേയ്മെന്റ് ക്ലെയിം ചെയ്യാം. ഇതിനായി യോഗ്യരായ കണ്ടന്റ് ക്രിയേറ്റർമാരെ സമീപിക്കു‌മെന്നും അവരുടെ ഷോർട്ട്‌സിലെ വിഡിയോകളുടെ വ്യൂസും കമന്റുകളും മറ്റു ഇടപെടലുകളും അടിസ്ഥാനമാക്കി 100 ഡോളർ മുതൽ 10,000 ഡോളർ വരെ നൽകുമെന്നും യൂട്യൂബ് അറിയിച്ചു. 

യൂട്യൂബിലെ പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ക്രിയേറ്റർമാര്‍ക്കാണ് ലഭിക്കുന്നതെന്നും യൂട്യൂബിന്റെ ചീഫ് ബിസിനസ് ഓഫീസർ റോബർട്ട് കിൻക്ൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ അപ്ലിക്കേഷൻ യൂട്യൂബ് ഷോർട്ട്സിന് പ്രതിദിനം 150 കോടിയിലധികം ‘വ്യൂസ്’ ലഭിക്കുന്നുണ്ടെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വെളിപ്പെടുത്തിയിരുന്നു. പുതിയ അപ്ലിക്കേഷൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ യൂട്യൂബ് ഷോർട്ട്സ് അവതരിപ്പിക്കുമെന്നും പിച്ചൈ അറിയിച്ചിട്ടുണ്ട്.