സ്വര്‍ണവിലയിടിവ് തുടരുന്നു; പവന് 7 മാസത്തെ കുറഞ്ഞ നിരക്ക്

സ്വര്‍ണവില ഇന്നും കുറഞ്ഞു, ഗ്രാമിന് 40 രൂപ താഴ്ന്ന് 4,475 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 35,800 രൂപയാണ് ഇന്നത്തെ നിരക്ക്. ഓഗസ്റ്റ് 7 ന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നുവില.  2020 ജൂൺ 30 ന് ഗ്രാമിന് 4,475 രൂപയും, പവന് 35,800 രൂപയുമായിരുന്നു വില. ഇറക്കുമതിച്ചുങ്കം കുറച്ചതിനാലും അന്താരാഷ്ട്ര സ്വർണവിലയിലുണ്ടായ കുറവും രൂപ കരുത്തായതുമാണ് വില കുറയാൻ കാരണം. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചതു വഴി 100 രൂപയിൽ താഴെ മാത്രമേ വില കുറഞ്ഞിട്ടുള്ളു.

അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില 20 ഡോളർ കുറഞ്ഞ് 1,840 ഡോളറിലേക്കെത്തിയതും രൂപയുടെ വിനിമയ നിരക്ക് 72.98 ലെത്തിയതുമാണ് ഇന്നത്തെ വിലക്കുറവിന് കാരണം. ഈ വിലക്കുറവ് താ‍‍ല്‍ക്കാലികമാണെന്നും വില വർദ്ധനവിനാണ് സാധ്യതയെന്നുമാണ് സൂചനകൾ.വിലക്കുറവ് പ്രയോജനപ്പെടുത്തുന്ന ചലനങ്ങൾ വിപണിയിൽ ദൃശ്യമാണ്. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചത് നാമമാത്രമായ പ്രതിഫലനം മാത്രമാണ് വിപണിയിലുണ്ടായത്. ഇറക്കുമതി ചുങ്കം 5 ശതമാനക്കണമെന്നായിരുന്നു സ്വർണാഭരണമേഖലയുടെ ആവശ്യം.